Saturday, October 17, 2026

നെയ്യാറ്റിൻകരയിൽ വയോധിക സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം

​നെയ്യാറ്റിൻകര: വീടിന് പിന്നിൽ ചിതയൊരുക്കി വയോധിക ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെയ്യാറ്റിൻകര സ്വദേശിനി നളിനികുമാരി (67) ആണ് സ്വയം തീ കൊളുത്തിയത് . ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

​തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. വീടിന് പിൻവശത്ത് വിറക് കൂട്ടിയിട്ട് ചിതയൊരുക്കിയ ശേഷം നളിനികുമാരി അതിലേക്ക് ഇറങ്ങിക്കിടന്ന് തീ കൊളുത്തുകയായിരുന്നു. തീയും പുകയും ഉയരുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. നാട്ടുകാർ ഉടൻ തന്നെ തീ അണച്ച് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

​ഭർത്താവിന്റെ ദീർഘനാളായുള്ള അസുഖവും വീട്ടിലെ ഒറ്റപ്പെടലുമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നളിനികുമാരിയുടെ ഭർത്താവ് കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലാണ്. മക്കൾ വിദേശത്തായതിനാൽ ഇവർ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Latest Articles