Sunday, May 19, 2024
spot_img

65 കഴിഞ്ഞവർക്ക് പോസ്റ്റൽ വോട്ട്.വിജ്ഞാപനമിറങ്ങി

ദില്ലി: തിരഞ്ഞെടുപ്പുകളില്‍ 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കോവിഡ് 19 ബാധ സ്ഥീരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും

കോവിഡ് 19 മാരകമാകുന്നത് 65 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് എന്നതാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നില്‍. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീരുമാനം. ഇതു സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

80 വയസ്സിനു മേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിച്ചുകൊണ്ട് 2019 ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതിനുള്ള പ്രായപരിധി 80 വയസ്സില്‍നിന്ന് 65 വയസ്സാക്കി കുറയ്ക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. നിയമമന്ത്രാലയം ഈ നിര്‍ദേശം അംഗീകരിച്ചതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

പോളിങ് ബൂത്തില്‍ എത്താന്‍ കഴിയാത്ത വോട്ടര്‍മാരെ പ്രത്യേക വിഭാഗമാക്കി കണക്കാക്കി പോസ്റ്റല്‍ വോട്ടുകള്‍ അനുവദിക്കാനാണ് നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നത്. ഇതിന് അര്‍ഹതയുള്ളവരെ വോട്ടര്‍ പട്ടികയില്‍ പ്രത്യേകം രേഖപ്പെടുത്തും. തിരഞ്ഞെടുപ്പ് സമയത്ത് ഇതിനായി ഉദ്യോസ്ഥരെ നിയോഗിക്കുമെന്നും പ്രത്യേക കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍  നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles