Saturday, May 18, 2024
spot_img

നാളെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് റനിൽ വിക്രമസിംഗെ; പാർലമെന്റിലും പരിസരങ്ങളിലും വൻ സുരക്ഷ

കൊളംബോ: ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനായി നാളെ വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനമേറ്റുവാങ്ങിയതോടെയാണ് ആക്ടിങ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ഇന്നു സമർപ്പിക്കും. ഭരണകക്ഷിയുടെ പിന്തുണയോടെ റനിൽ വിക്രമസിംഗെ , പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, ജനത വിമുക്തി പെരമുനയുടെ അനുര കുമാര ദിസനായകെ, എസ്എൽപിപി യുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമ എന്നിവരാണ് മത്സരിക്കുന്നത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പൊലീസിനു കഴിയില്ലെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിലാണ് സേനയ്ക്കു കൂടുതൽ അധികാരം നൽകുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കി. നാളത്തെ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർലമെന്റിലും പരിസരങ്ങളിലും സുരക്ഷ വർധിപ്പിച്ചു. പാർലമെന്റിലേക്കുള്ള പല റോഡുകളും അടച്ചു.

അതേസമയം ശ്രീലങ്കയിൽ നേരിടുന്ന രാഷ്‌ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ചേരും. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുടെ നേതൃത്വത്തിലാകും യോഗം നടക്കുക. എഐഎഡിഎംകെ,ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ ഇന്ത്യ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles