Friday, December 12, 2025

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും

ദില്ലി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. വദ്രയെ ഇന്നലെ ആറ് മണിക്കൂര്‍ നേരം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് പ്രിയങ്കയ്ക്കൊപ്പം വദ്ര എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയത്.

വദ്രയെ ഓഫീസില്‍ ഇറക്കിയ ശേഷം പ്രിയങ്ക ഗാന്ധി എഐസിസി ആസ്ഥാനത്ത് എത്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. ലണ്ടനില്‍ ബ്രയണ്‍സ്റ്റന്‍ സ്ക്വയറില്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ച കോടതി, ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ വദ്രയോട് നിര്‍ദേശിച്ചിരുന്നു.

വദ്രക്കെതിരെയുള്ള എന്‍ഫോഴ്സ്മെന്‍റ് നീക്കത്തിനെതിരെ പാര്‍ലമെന്‍റില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയേക്കും. അന്വേഷണ ഏജന്‍സികളെ ബി ജെ പി ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്നലെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള ചര്‍ച്ച ഇന്ന് പാര്‍ലമൊന്‍റിന്‍റെ ഇരുസഭകളിലും നടക്കും. ചര്‍ച്ചക്ക് ലോക്സഭയില്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞേക്കും.

Related Articles

Latest Articles