സൗദിയില്‍ വനിതകള്‍ സൈനിക മേഖലയിലേക്കും . ഈ മാസം 10 മുതല്‍ പരിശീലനത്തിനായുള്ള അപേക്ഷ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റിയാദ് കിംഗ് ഫഹദ് സെക്യൂരിറ്റി കോളേജിന് കീഴിലുള്ള വനിതാ സെക്യൂരിറ്റി പരിശീലന കേന്ദ്രത്തില്‍ പ്രൈവറ്റ് റാങ്കില്‍ വനിതകള്‍ക്ക് പ്രവേശനം നേടാമെന്ന് ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.

അപേക്ഷകള്‍ ഈ മാസം 10 മുതല്‍ 14 വരെ സ്വീകരിക്കുമെന്ന് മന്ത്രാലയത്തിന് കീഴിലെ സൈനിക കാര്യാ അണ്ടര്‍ സെക്രട്ടറിയേറ്റ് അറിയിച്ചു. 21 മുതല്‍ 35 വയസ്സുവരെ പ്രായമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. സൗദിയില്‍ ജനിച്ചു വളര്‍ന്നവരായിരിക്കണമെന്ന നിബന്ധനയുണ്ട്. രാജ്യത്തിന് പുറത്തു പിതാവിനൊപ്പം വളര്‍ന്നവര്‍ക്കും അപേക്ഷിക്കാം.

മെഡിക്കല്‍ പരിശോധന, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്കിയതുള്‍പ്പെടെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിന്റെ ഭാഗമായാണ് സൈനിക സേവനത്തിനും വനിതകളെ പരിഗണിക്കുന്നത്.