തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തടസപ്പെട്ടു. ഇപോസ് മെഷീൻ തകരാറിലായതിനെത്തുടർന്ന് കിറ്റ് വിതരണം ഭാഗികമായി തടസപ്പെടുകയായിരുന്നു. തകരാർ ഉടൻ തന്നെ പരിഹരിച്ച് കിറ്റ് വിതരണം സുഗമമാക്കാനുള്ള ശ്രമം അധികൃതർ ആരംഭിച്ചു.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചുള്ള കിറ്റ് വിതരണം നടക്കുന്നുണ്ടെന്നും റേഷൻ കടയുടമകൾ അറിയിച്ചു. അതേസമയം മുമ്പും കിറ്റ് വിതരണത്തിൽ ഇത്തരം സാങ്കേതിക തകരാർ നേരിട്ടിരുന്നു. 87 ലക്ഷം കാർഡ് ഉടമകൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. സെപ്റ്റംബർ 7 വരെയാണ് കിറ്റുകളുടെ വിതരണം. 14 ഇനം സാധനങ്ങളടങ്ങിയതാണ് കിറ്റ്. ഇത്തവണ ഓണത്തിന് മുമ്പ് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം. 425 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.
പല സ്ഥലങ്ങളിലും കിറ്റ് വാങ്ങാൻ എത്തുന്നവർക്ക് വെറും കൈയോടെ മടങ്ങേണ്ട സാഹചര്യമാണ് വന്നത്. ഇപോസ് മെഷീനുകളുടെ തകരാറും ഇതിന് ഒരു കാരണമായി.അതേസമയം കൊറോണ കാലത്തടക്കം വിതരണം ചെയ്ത കിറ്റുകളുടെ കമ്മീഷൻ തുക ലഭിക്കാത്തതിനാൽ പ്രതിസന്ധിയിലാണ് റേഷൻ കടയുടമകൾ.

