Monday, January 5, 2026

മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും വാദങ്ങൾ പൊളിയുന്നു; മാസപ്പടിക്കേസിൽ എസ് എഫ് ഐ ഒ റിപ്പോർട്ടിൽ ശക്തമായ തെളിവുകളെന്ന് കോടതി; വിചാരണ നടപടികൾ ആരംഭിച്ച് എറണാകുളം അഡീഷണൽ സെഷൻസ് കോടതി

കൊച്ചി: മാസപ്പടിക്കേസിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ എസ് എഫ് ഐ ഒ റിപ്പോർട്ടിലുണ്ടെന്ന് കോടതി. കുറ്റപത്രം അംഗീകരിച്ച കോടതി സമൻസ് നൽകി വിചാരണ നടപടികൾ ആരംഭിക്കാൻ നിർദ്ദേശം നൽകി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് നടപടികളിലേക്ക് കടന്നത്. കമ്പനി നിയമത്തിന്റെ 129, 134, 447 തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി.

വഞ്ചന, തെറ്റായ വിവരങ്ങൾ നൽകുക തുടങ്ങിയ കുറ്റകൃത്യങ്ങൾ കുറ്റപത്രത്തിൽ പറയുന്നുണ്ട്. 6 മാസം മുതൽ 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലാണ് മാസപ്പടിക്കേസെന്ന മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും വാദം പൊളിയുകയാണ്. സി എം ആർ എല്ലും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ നിയമപരമാണെന്ന സിപിഎം വാദത്തെ ഇപ്പോൾ കോടതിതന്നെ ഖണ്ഡിക്കുകയാണ്.

മുഖ്യമന്ത്രിയുടെ മകൾ വീണ കേസിൽ പതിനൊന്നാം പ്രതിയാണ്. സി എം ആർ എൽ മേധാവി ശശിധരൻ കർത്ത കേസിൽ ഒന്നാം പ്രതിയാണ്. 13 പ്രതികളാണ് എസ് എഫ് ഐ ഒ കുറ്റപത്രത്തിലുള്ളത്. 200 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുള്ള കേസ് എന്ന നിലയിൽ ഇ ഡിയും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ സിബിഐയും കേസ് പരിശോധിക്കുമെന്ന സൂചനയുമുണ്ട്.

Related Articles

Latest Articles