തിരുവനന്തപുരം: വഞ്ചിയൂർ മൂലവിളാകത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച കേസിൽ ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ തിരിച്ചറിയാനാകാതെ പോലീസ് വലയുകയാണ്. പ്രതി സഞ്ചരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലെല്ലാം പോലീസ് പരിശോധിച്ചുവരികയാണ്. ദൃശ്യങ്ങളിലൊന്നും വാഹനത്തിന്‍റെ നമ്പർ വ്യക്തമായി ലഭിച്ചിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ 13ന് രാത്രിയിലാണ് സ്ത്രീയെ ബൈക്കിലെത്തി പിന്തുടർന്നയാൾ ലൈംഗികാതിക്രമം കാണിച്ചത്.ഷാഡോ പോലീസ് ഉള്‍പ്പെടെ അന്വേഷണ സംഘം സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളടക്കം ഇന്നലെ പരിശോധിച്ചിരുന്നു.ഇതിൽനിന്നും യാതൊരുവിധ തെളിവുകളും ലഭിച്ചിട്ടില്ല.
മൂലവിളാകത്തുനിന്നും മുളവന ഭാഗത്തേക്കാണ് സ്കൂട്ടറിൽ അക്രമി പോയിരിക്കുന്നത്. ഹെൽമറ്റ് ധരിച്ചാണ് അക്രമി യാത്ര ചെയ്തത്. അമിത വേഗത്തിൽ ഒരു വാഹനം പോകുന്നത് മാത്രമാണ് ഇന്നലെ പരിശോധിച്ച ദൃശ്യങ്ങളിലുള്ളത്. പക്ഷെ വാഹനത്തിൻെറ നമ്പർ തിരിച്ചറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല. പരാതിക്കാരി നൽകിയ വിവരങ്ങള്‍ അനുസരിച്ച് മുമ്പ് കേസിൽ പ്രതിയായവരെയും കുറിച്ചും അന്വേഷണം തുടരുകയാണ്.

