ഇരിട്ടി: കാലവർഷ കെടുതിയിൽ കൃഷി നശിച്ച കർഷകർക്കുള്ള ധനസഹായം വൈകിപ്പിക്കുന്നതായി പരാതി. ആറളം കൃഷിഭവൻ്റെ പരിധിയിൽ വരുന്ന 147 കർഷകരുടെ നഷ്ടപരിഹാര തുകയാണ് വൈകിക്കുന്നത്. 2021-23 കാലയളവിൽ കാലവർഷ കെടുതിയിൽ കൃഷിനശിച്ച കർഷകർക്ക് സർക്കാർ അനുവദിച്ച തുകയാണ് വൈകുന്നത്. വന്യമൃഗ ശല്യവും ഉത്പാദന തകർച്ചയും നേരിടുന്ന കർശകർക്ക് ഇരുട്ടടിയായിരിക്കുകയാണ് അധികൃതരുടെ ഈ മെല്ലെപ്പോക്ക് സമീപനം.
സംസ്ഥാന സർക്കാറിൻ്റെ നഷ്ടപരിഹാര വിഹിതം 1410212 രൂപയും കേന്ദ്ര വിഹിതം 229773 രൂപയും ചേർന്ന് 1639985 രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, അക്കൗണ്ടിൽ ഇനിയും പണം ലഭിച്ചിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. കൃഷിനശിച്ച് വരുമാനം ഇല്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായ കർഷകർക്ക് താൽക്കാലിക ആശ്വാസം എന്നനിലയിൽ ഉപകരിക്കുന്ന തുകയാണ് വൈകുന്നത്. കടക്കെണിയിൽ അകപ്പെടുന്ന കർഷകർ ഒരു നിവൃത്തിയും ഇല്ലാതെ ആത്മഹത്യ ചെയ്യുമ്പോഴും നഷ്ടപരിഹാര തുക വൈകിപ്പിക്കുകയാണ്.
നഷ്ടപരിഹാരത്തിനായി നിരന്തരം കൃഷി ഓഫിസ് കയറിയിറങ്ങിയതിൻ്റെ ഫലമായി 147 കർഷകരുടെ ധനസഹായ തുകയായാണ് 1639985 രൂപ അനുവദിച്ചതായി രേഖകളിൽ പറയുന്നത്. കർഷകന് സംഭവിച്ച യഥാർത്ഥ നഷ്ടത്തിൻ്റെ നാലിൽ ഒന്ന് പോലും ഇത് വരില്ലെങ്കിലും അനുവദിച്ച തുക പോലും തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വരാത്തതിൻ്റെ അമർഷത്തിലാണ് കർഷകർ. നവകേരള സദസ്സിലടക്കം പരാതി നൽകി കാത്തിരിക്കുകയാണ് കർഷകർ.

