ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായ ‘കാന്താര ചാപ്റ്റർ 1 ‘ ഇന്ത്യൻ സിനിമയിൽ സൃഷ്ടിച്ചത് ഒരു സിനിമാനുഭവം എന്നതിലുപരി ഒരു സാംസ്കാരിക പ്രതിഭാസമാണ്. തുളുനാടിൻ്റെ ഐതിഹ്യങ്ങളെയും അനുഷ്ഠാനങ്ങളെയും ആധാരമാക്കിയെടുത്ത ഈ ചിത്രം അതിൻ്റെ ഉള്ളടക്കംകൊണ്ടും അത്യുജ്ജ്വലമായ ക്ലൈമാക്‌സ് രംഗങ്ങൾകൊണ്ടും ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിച്ചു. കാന്താരയുടെ പ്രേക്ഷകവൃന്ദം മറ്റ് സിനിമകൾക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതലുമാണ്.അത്കൊണ്ട് തെന്ന് ഈ സിനിമയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ ഓരോ ദിവസവും പുറത്ത് വരുന്നുമുണ്ട് . ഇപ്പോളിതാ റിലീസിന് ശേഷം തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ ഒരു തിയേറ്ററിൽ അരങ്ങേറിയ നാടകീയ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.സിനിമയുടെ പ്രദർശനം അവസാനിച്ച ഉടൻ, കാന്താരയുടെ കേന്ദ്ര കഥാപാത്രമായ ദൈവക്കോലങ്ങളിൽ ഒന്നായ പഞ്ചുരുളി തെയ്യത്തിൻ്റെ വേഷം ധരിച്ച ഒരാൾ തിയേറ്റർ സ്‌ക്രീനിനടുത്തേക്ക് ഓടിയെത്തി. സിനിമയുടെ തീവ്രമായ സ്വാധീനത്തിൽ വൈകാരികമായി പ്രതികരിച്ച ഈ ആരാധകൻ, തെയ്യക്കോലത്തിൻ്റെ ഭാവത്തിൽ സ്‌ക്രീനിന് മുൻപിൽ ഉറഞ്ഞാടി.
അപ്രതീക്ഷിതമായി കണ്ട ഈ കാഴ്ചയിൽ ആവേശഭരിതരായ തിയേറ്ററിലെ മറ്റ് കാണികൾ ഉടൻതന്നെ എഴുന്നേറ്റ് നിന്ന് കൈകൂപ്പി. ചിലർ കണ്ണീരോടെ വികാരാധീനരാവുകയും, മറ്റുചിലർ മൊബൈലിൽ രംഗങ്ങൾ പകർത്തുകയും ചെയ്തു. സിനിമയുടെ ക്ലൈമാക്‌സ് നൽകിയ ദൈവീക അനുഭൂതിയുടെ തുടർച്ചയായിട്ടാണ് ഈ രംഗം പലരും കണ്ടത്. സിനിമയിലെ കഥാപാത്രങ്ങളോടും വിശ്വാസങ്ങളോടുമുള്ള ആരാധകരുടെ ആഴത്തിലുള്ള ഭക്തിയുടെ നേർസാക്ഷ്യമായി ഈ വീഡിയോ മാറി.നേരത്തെ, ബെംഗളൂരുവിലെ ഒരു തിയേറ്ററിന് പുറത്ത് മറ്റൊരു ആരാധകൻ ‘കാന്താര ചാപ്റ്റർ 1’ ലെ കഥാപാത്രത്തിൻ്റേത് പോലുള്ള വേഷമിട്ട് ഉറഞ്ഞാടിയ സംഭവവും വലിയ ശ്രദ്ധ നേടിയിരുന്നു. ‘കാന്താര’ ഒരു സിനിമ എന്നതിലുപരി ഒരു വിശ്വാസാനുഭവമായി മാറിയതിൻ്റെ തെളിവുകളാണ് ഈ വൈറൽ സംഭവങ്ങൾ.അതേസമയം റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 235 കോടിയിലധികം രൂപയാണ് കാന്താര ഇപ്പോൾ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഡൊമെസ്റ്റിക്ക് മാർക്കറ്റിൽ നിന്നും സിനിമ ഇതുവരെ നേടിയത് 161.67 കോടിയാണ്. ഇതോടെ ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നു. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദറിനെയും ഷങ്കറിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനെയുമാണ് കാന്താര മറികടന്നത്.

