പുഞ്ച് : ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കുന്നതിനായി ഒരു രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ചിരുന്ന മുൻ ജീവനക്കാരൻ പിടിയിലായി.ഫോൾസ് സീലിങ്ങിനുള്ളിലാണ് ഇയാൾ ഒളിച്ചിരുന്നത്. എന്നാൽ ബാങ്കിന്റെ സുരക്ഷാസംവിധാനം ഹാക്ക് ചെയ്യാൻ കഴിയാതായതോടെ ഇയാളുടെ മോഷണശ്രമം പരാജയപ്പെട്ടു. മെന്ധറിലെ ആരി ഗ്രാമത്തിൽനിന്നുള്ള മുഹമ്മദ് അബ്‌റർ എന്നയാളാണ് സംഭവത്തിൽ പൊലീസിന്റെ പിടിയിലായത്.
ജമ്മു കശ്മിര്‍ ബാങ്കിന്റെ മെന്ധർ ബ്രാഞ്ചിലായിരുന്നു സംഭവം. ഇന്നലെ ബാങ്ക് പ്രവർത്തിക്കുന്ന സമയം ഉള്ളിൽ കടന്ന ഇയാൾ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഫോൾസ് സീലിങ്ങിന് ഉള്ളിൽ ഒളിക്കുകയായിരുന്നു. സുരക്ഷാ സംവിധാനം ഹാക്ക് ചെയ്യാനുള്ള ശ്രമം തിരിച്ചറിഞ്ഞ ബാങ്ക് അധികൃതർ ഉടനടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഇതേ ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന ഇയാളെ 2021ൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് പുറത്താക്കിയിരുന്നു. സംഭവത്തിൽ മറ്റു ജീവനക്കാർക്കു പങ്കുണ്ടോയെന്നറിയുന്നതിനായി ഇയാളെ, പൊലീസ് ചോദ്യം ചെയ്യുകയാണ്.

