Friday, May 3, 2024
spot_img

സ്വപ്ന സുരേഷിനെതിരെ കോടതിയില്‍ നേരിട്ടെത്തി എം.വി. ഗോവിന്ദൻ പരാതി നല്‍കി; ഹർജി വരുന്ന 20ന് വീണ്ടും പരിഗണിക്കും

കണ്ണൂർ : സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തി അപകീർത്തി പരാതി നൽകി. കോടതി ഗോവിന്ദന്റെ പരാതി ഫയലിൽ സ്വീകരിച്ചു. എം.വി.ഗോവിന്ദന്റെ മൊഴി രേഖപ്പെടുത്തിയ കോടതി സാക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ നിർദേശിച്ചു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനായി ഹർജി വരുന്ന 20ന് വീണ്ടും പരിഗണിക്കും.

ഐപിസി 120ബി, 500 വകുപ്പുകൾ പ്രകാരം ക്രിമിനൽ ഗൂഢാലോചനയ്ക്കും മാനഹാനി വരുത്തിയതിനും സ്വപ്നയെ ഒന്നാം പ്രതിയാക്കിയും വിജേഷിനെ രണ്ടാം പ്രതിയാക്കിയും കേസ് എടുക്കണമെന്നാണ് പരാതിയിൽ എം വി ഗോവിന്ദൻ ആവശ്യപ്പെടുന്നത്. ഒന്നും രണ്ടും പ്രതികൾ ഗൂഢാലോചന നടത്തി വ്യക്തിപരമായ അധിക്ഷേപം ഉണ്ടാക്കിയെന്നാണ് ഗോവിന്ദന്റെ പരാതിയിൽ പറയുന്നത്. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തിയ ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം.വി. ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ സ്വപ്ന ആരോപിച്ചിരുന്നത്‌.

നേരത്തെ വിഷയത്തിൽ സിപിഎം തളിപറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് പൊലീസിൽ നൽകിയ പരാതിയിലെ എഫ്ഐആർ ഹൈക്കോടതി ആറു മാസത്തേക്കു സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് എം.വി.ഗോവിന്ദന്റെ പുതിയ നീക്കം

Related Articles

Latest Articles