Monday, May 20, 2024
spot_img

പൂഞ്ചില്‍ ആക്രമണം നടത്തിയവരില്‍ മുന്‍ പാക് സൈനിക കമാന്‍ഡോയും; തീവ്രവാദികളുടെ ചിത്രങ്ങള്‍ പുറത്ത്

ജമ്മു-കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരുടെ ആദ്യ ഫോട്ടോകള്‍ പുറത്തു വന്നു. മെയ് നാലിനു നടന്ന ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് ഭീകരരുടെ ചിത്രങ്ങള്‍ ഇന്ത്യ ടുഡേ ടിവിയാണ് പുറത്തു വിട്ടത്. ഭീകരാക്രമണത്തില്‍ കോര്‍പ്പറല്‍ വിക്കി പഹാഡെ വീരമൃത്യു വരിച്ചിരുന്നു. നാല് സൈനികര്‍ക്കു പരിക്കേറ്റു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. പൂഞ്ചില്‍ സൈനിക വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണം നടത്തിയ പ്രതികളായ രണ്ട് പാക് തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടിരുന്നു. ഇവരുടെ തലക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ജെയ്ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിലെ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് തെളിഞ്ഞതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ പാക്ക് സൈനിക കമാന്‍ഡോ ഇല്ലിയാസ്, അബു ഹംസ (ലഷ്‌കര്‍ കമാന്‍ഡര്‍), ഹദൂണ്‍ എ്ന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഭീകരരെ കണ്ടെത്തുന്നതിനായി രജൗരിയിലെയും പൂഞ്ചിലെയും വനങ്ങളില്‍ വന്‍ തിരച്ചില്‍ നടക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സംശയമുള്ളവരെ ചോദ്യം ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഭീകരര്‍ വനത്തിലേക്ക് രക്ഷപ്പെട്ടതായി കരുതുന്നു.

പൂഞ്ച് ജില്ലയിലെ ഷാസിതാറിന് സമീപത്താണ് ഭീകരാക്രമണം നടന്നത്. ചോദ്യം ചെയ്യലിന്റെ ഭാഗമായി പ്രദേശവാസികളായ 6 പേരെ സൈന്യം കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കുണ്ട്. സൈന്യവും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്നാണ് പൂഞ്ചിലെ വിവിധ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്. അനന്ത്‌നാഗ്-രജൗറി ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പിന് മൂന്നാഴ്ചമാത്രം ശേഷിക്കേയാണ് ആക്രമണം. മേയ് 25-ന് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിന്റെ ഭാഗമാണ് പൂഞ്ച്.

Related Articles

Latest Articles