ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വാശിയേറിയ ഫൈനൽ മത്സരത്തിൽ, തന്റെ അതുല്യ പ്രകടനത്തിലൂടെ ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ സ്വർണ മെഡൽ സമ്മാനിച്ചിരിക്കുകയാണ് നീരജ് ചോപ്ര. മെഡല്‍ നേട്ടത്തോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും നീരജ് ചോപ്ര സുവർണ്ണ ലിപികളിൽ എഴുതിച്ചേർത്തിരിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടെ ത്രിവർണ്ണ പതാകയിൽ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് നീരജ് ചോപ്രയുടെ അടുത്തെത്തിയ വിദേശവനിതയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്‌പോർട്‌സ് ജേണലിസ്റ്റ് ജോനാഥൻ സെൽവരാജാണ് നീരജ് ചോപ്രയുടെ ഫോട്ടോ ട്വിറ്ററിലൂടെ പങ്ക് വച്ചിരിക്കുന്നത്.
ഹംഗേറിയൻ സ്ത്രീയാണ് നീരജ് ചോപ്രയുടെ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് എത്തിയത്. ത്രിവർണ പതാകയിൽ ഓട്ടോഗ്രാഫ് വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. എന്നാൽ ഓട്ടോഗ്രാഫ് നൽകാമെന്ന് പറഞ്ഞെങ്കിലും ത്രിവർണ്ണ പതാകയിൽ ഒപ്പിടാൻ കഴിയില്ലെന്ന് നീരജ് ചോപ്ര വ്യക്തമാക്കി. ശേഷം സ്ത്രീയുടെ ടീ ഷർട്ടിലാണ് നീരജ് ചോപ്ര ഓട്ടോഗ്രാഫ് നൽകിയത്. നിരവധി പേരാണ് നീരജ് ചോപ്രയുടെ ഈ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇന്ത്യൻ ദേശീയ പതാകയ്ക്ക് താരം നൽകുന്ന ബഹുമാനം എത്രത്തോളമുണ്ടെന്ന് ഇതിലൂടെ വ്യക്തമാണ്.
അതേസമയം, ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതിന് ശേഷം ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുന്നതിനിടെ നീരജ് ചോപ്രയ്‌ക്കുണ്ടായ വികാരങ്ങളും ഹൃദയ സ്പർശിയായ കാഴ്ചയായിരുന്നു. മറ്റ് മത്സരാർത്ഥികൾക്കൊപ്പം വേദിയിൽ നിൽക്കുമ്പോൾ നീരജ് ചോപ്രയുടെ മുഖം സന്തോഷഭരിതമായിരുന്നു. എന്നാൽ, ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചപ്പോൾ, താരത്തിന് തന്റെ വികാരങ്ങളെ നിയന്ത്രിക്കാനായില്ല. നീരജ് ചോപ്രയുടെ അസാധാരണമായ വികാരപ്രകടനം, അദ്ദേഹത്തിന്റെ തീവ്രമായ ദേശീയ അഭിമാനത്തിന്റെയും അടുപ്പത്തിന്റെയും പ്രതിഫലനം തന്നെയാണ്. താരത്തിന്റെ പരിശ്രമത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതിഫലനം തന്നെയാണ് ഇപ്പോൾ നേടിയിരിക്കുന്ന ഈ വിജയം. അതിലൂടെ നീരജ് ചോപ്ര ഇന്ത്യയെ അന്താരാഷ്ട്രതലത്തിൽ എത്തിച്ചിരിക്കുകയാണ്. ബുഡാപെസ്റ്റിൽ നടന്ന ആവേശകരമായ മത്സരത്തിലെ രണ്ടാം ശ്രമത്തിൽ 88.17 മീറ്റർ ദൂരം കടന്ന നീരജ് ചോപ്ര, മത്സരാവസാനം വരെ തന്റെ മേധാവിത്വം നിലനിർത്തിയാണ് സ്വർണ നേട്ടത്തിന് അർഹനായത്. വെള്ളി മെഡൽ നേടിയ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ പാക് താരം അർഷാദ് നദീമിന്റെ ദൂരം 87.82 മീറ്ററായിരുന്നു. 86.67 മീറ്റർ ദൂരം കടന്ന ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെക്ക് മത്സരത്തിൽ വെങ്കലം നേടി.

