കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഇന്നലെയുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ മരിച്ചവരുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരിച്ച അഞ്ചു പേരിൽ മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. പുക ശ്വസിച്ചതിനെ തുടർന്നല്ല മരണങ്ങൾ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മേപ്പയൂർ നിടുമ്പൊയിൽ സ്വദേശി ഗംഗാധരൻ, വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ റിപ്പോർട്ട് ആണ് പുറത്ത് വന്നിട്ടുള്ളത്. ഇവർ നേരത്തെ തന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളായിരുന്നു.
വയനാട് മേപ്പാടി സ്വദേശിയായ നസീറ, കോഴിക്കോട് മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവരെല്ലാവരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളായിരുന്നുവെന്നാണ് വിവരം. വിഷം കഴിച്ചതിനെത്തുടർന്നാണ് നസീറയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിലും അസ്വാഭാവിക മരണത്തിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. എംആർഐ മെഷീനു വേണ്ടി ഉപയോഗിക്കുന്ന യുപിഎസ് ആണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗം പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായി വീണാ ജോർജ് വ്യക്തമാക്കി. പൊട്ടിത്തെറിയിലും അസ്വാഭാവിക മരണത്തിലും പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 151 രോഗികളാണ് ഉണ്ടായിരുന്നു. 114 പേർ നിലവിൽ ഇവിടെ തന്നെ ചികിത്സയിൽ തുടരുന്നുണ്ട്. 37 പേർ മറ്റു ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

