കണ്ണൂർ: പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് ഗുരുതര പരിക്ക്. സിപിഎം പ്രവർത്തകരായ ഷെറിൻ (26), വിനീഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. മറ്റൊരാളുടെ മുഖത്തും കൈയ്‌ക്കും പരിക്കേറ്റു. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടാണ് സ്ഫോടനമുണ്ടായത്. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തിൽ വെച്ചാണ് സ്‌ഫോടനമുണ്ടായത്. വിനീഷിന്റെ രണ്ട് കൈപ്പത്തികളും പൂർണമായും അറ്റുപോയെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. സ്‌ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയാണ് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറയുന്നു.

