ആലപ്പുഴ: മാവേലിക്കരയില്‍ അമ്മയെ ഏക മകന്‍ തല്ലിക്കൊന്നു. മാവേലിക്കര കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജന്‍(69) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏക മകന്‍ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെയാണ് അമ്മയെ കൊലപ്പെടുത്തിയെന്ന് കൃഷ്ണദാസ് നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും മറ്റും വിളിച്ചുപറഞ്ഞത്. ഇവര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തിയപ്പോള്‍ വീടിനുള്ളില്‍ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ട കനകമ്മ സിപിഐയുടെ പ്രാദേശിക നേതാവാണ്. 1988-95 കാലയളവില്‍ മാവേലിക്കര നഗരസഭ 12-ാം വാര്‍ഡ് കൗണ്‍സിലറായിരുന്നു.
കിടപ്പുമുറിയിലെ കട്ടിലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കട്ടിലിലും മുറിയിലും ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ കനകമ്മയുടെ കഴുത്തിന്റെ അസ്ഥികള്‍ക്ക് പൊട്ടലുണ്ടായതായും വാരിയെല്ലുകള്‍ പൂര്‍ണമായി ഒടിഞ്ഞ് കരള്‍, ശ്വാസകോശം എന്നിവയില്‍ തറച്ചു കയറി ഗുരുതര മുറിവേറ്റതായും തലയിലേറ്റ ശക്തമായ അടിയില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണദാസിനെ മാവേലിക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കനകമ്മയും കൃഷ്ണദാസുമായി നിരന്തരമായി വഴക്കുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷ്ണദാസിന്റെ വിവാഹം വേര്‍പിരിയാനുള്ള കാരണം അമ്മയാണെന്ന് ഇയാള്‍ പലരോടും സൂചിപ്പിച്ചിരുന്നു. മുന്‍ഭാര്യയെ തിരികെ കൊണ്ടുവരുവാന്‍ കൃഷ്ണദാസിന് ആഗ്രഹമുണ്ടായിരുന്നെന്നും ഇതേച്ചൊല്ലി കൃഷ്ണദാസും അമ്മയും തമ്മില്‍ കലഹങ്ങള്‍ ഉണ്ടാകുന്നത് പതിവായിരുന്നു.
ഇയാളുമായി പിണങ്ങി കനകമ്മ ബന്ധുവീടുകളിലായിരുന്നു പലപ്പോഴും താമസം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കൃഷ്ണദാസ് അമ്മയെ വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. കൊറ്റാര്‍കാവില്‍ അമ്മയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റ് പണം തനിക്ക് തരണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കുറച്ച് ദിവസങ്ങളായി ചില തര്‍ക്കങ്ങള്‍ ഇവര്‍ തമ്മിലുണ്ടായിരുന്നതായും അത് പരിഹരിച്ച് തിങ്കളാഴ്ച ഭൂമിയുടെ വില്‍പ്പയ്ക്കായുള്ള എഴുത്തുകുത്തുകള്‍ നടത്തുകയാണെന്ന് കനകമ്മ സഹോദരന്‍ ശശിധരനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വസ്തു വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന.

