Thursday, May 2, 2024
spot_img

ശബരിമലയിൽ ഭക്തർക്ക് കൂടുതൽ ഇളവുകൾ: പ്രതിദിനം ഇനി 40,000 പേര്‍ക്ക് ദര്‍ശനത്തിനെത്താം; ജലനിരപ്പ് താഴ്ന്നാൽ പമ്പാ സ്നാനം അനുവദിക്കും

പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് കൂടുതൽ ഇളവുകൾ അനുവദിക്കാൻ ദേവസ്വം ബോർഡ്. ശബരിമലയിൽ ഒരുദിവസം പ്രവേശിക്കാവുന്ന ഭക്തരുടെ എണ്ണം 45,000 ആയി ഉയർത്തി. ഇനിമുതൽ പ്രതിദിനം 30000 മുതല്‍ 40,000 വരെ ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവഴിയും 5,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയുമാണ് ദര്‍ശനത്തിന് എത്താൻ സാധിക്കുക.

മാത്രമല്ല തീർത്ഥാടനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അയ്യപ്പ ഭക്തര്‍ക്കായി നിലയ്ക്കല്‍, എരുമേലി ഉള്‍പ്പെടെയുള്ള 10 സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളില്‍ ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ട് ഡോസ് എടുത്ത സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായോ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സ്പോട്ട് ബുക്കിങ്ങിലൂടെ ദര്‍ശനത്തിനുള്ള അവസരം ലഭിക്കും.

അതേസമയം ജലനിരപ്പ് താഴുമ്പോൾ പമ്പാ സ്നാനം അനുവദിക്കും. പരമ്പരാഗത പാത വഴിയുളള മലകയറ്റം അനുവദിക്കുന്നതും പരിഗണനയിലുണ്ട്. സന്നിധാനത്ത് ഭക്തർക്ക് വിരിവയ്ക്കാൻ അനുമതി നൽകുന്നതിലും അന്തിമ തീരുമാനം ഉടനുണ്ടാകും.

എന്നാൽ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തര്‍ ഒറിജിനല്‍ ആധാര്‍ കാര്‍ഡ് കൊണ്ടു വരണം. അന്യ സംസ്ഥാനത്തു നിന്നും എത്തുന്ന ഭക്തര്‍ക്കായി അതിര്‍ത്തി പ്രദേശമായ കുമളിയില്‍ സ്പോട്ട് ബുക്കിങ് കേന്ദ്രമുണ്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് യാതൊരു പരിശോധനയും ഇല്ല. അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ ദര്‍ശനത്തിന് സൗകര്യമുണ്ട്. കുട്ടികള്‍ക്ക് ചോറൂണ് നടത്തുവാനുള്ള സൗകര്യവും തയ്യാറാണ്.

അയ്യപ്പന്മാരില്‍ നിന്നും നെയ്യഭിഷേകം നടത്തുന്നതിനുള്ള നെയ്യ് ശേഖരിക്കുന്നതിന് പ്രത്യേക കൗണ്ടറുകള്‍ ദേവസ്വം ബോര്‍ഡ് സജീകരിച്ചിട്ടുണ്ട്. നീലിമല പാതയിലൂടെ തീര്‍ഥാടകരെ കടത്തിവിടുന്നതിനുള്ള ഒരുക്കങ്ങള്‍ 80 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. എരുമേലി വഴിയുള്ള കാനനപാത തെളിക്കാൻ വനം വകുപ്പിന് നിർദേശം നൽകി. ഇതോടെ പമ്പ-നീലിമല -അപ്പാച്ചിമേട്, ശരംകുത്തി വഴിയുള്ള യാത്ര അനുവദിക്കുന്നത് സംബന്ധിച്ചും തീരുമാനം ഉടനെയുണ്ടാകും. ഈ പാതയിലെ കാടുകള്‍ വെട്ടിത്തെളിച്ച്‌ സഞ്ചാര യോഗ്യമാക്കി. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി അന്നദാനം, കുടിവെള്ളം തുടങ്ങിയ ക്രമീകരണങ്ങള്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ ഇടങ്ങളില്‍ ദേവസ്വം ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. പത്ത് ദിവസത്തിനകം പൂർത്തിയാക്കാനും കൂടുതൽ കെ എസ് ആർടിസി ബസുകൾ സർവീസ് നടത്താനും തീരുമാനമായി.

Related Articles

Latest Articles