ദില്ലി- കേരള സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കില്‍ നിയമിച്ച ആറ്റിങ്ങലില്‍ തോറ്റ മുന്‍ എംപി എ.സമ്പത്തിന് പഴ്‌സനല്‍ സ്റ്റാഫിനെ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്‍ഡ്, ഡ്രൈവര്‍, ഓഫിസ് അറ്റന്‍ഡന്റ് എന്നിവരെ നിയമിക്കാനാണ് ഇന്നലെ പൊതുഭരണവകുപ്പ് അനുവാദം നല്‍കിയത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ സി.കെ.സതീഷ് ബാബുവാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.
ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷണര്‍ ഓഫിസ് കേന്ദ്രീകരിച്ചാണ് സമ്പത്തിന്റെ പ്രത്യേക ഓഫിസും പ്രവര്‍ത്തിക്കുന്നത്. സമ്പത്തിനെ നിയമിക്കുന്നതിനു മുന്‍പ് റസിഡന്‍സ് കമ്മിഷണറുടെ ഓഫിസാണ് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്കിടയിലെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നത്. പുതിയ നിയമനത്തില്‍ പ്രൈവറ്റ് സെക്രട്ടറിയേക്കാല്‍ ഉയര്‍ന്ന ശമ്പളമാണ് അസിസ്റ്റന്റിനു നല്‍കിയിരിക്കുന്നത്. അസിസ്റ്റന്‍ഡിനു 30,385 രൂപയാണ് ശമ്പളം. പ്രൈവറ്റ് സെക്രട്ടറിക്ക് 21,850 രൂപ. ഡ്രൈവര്‍ക്ക് 19,670, ഓഫിസ് അറ്റന്‍ഡന്റിന് 18,030 രൂപ. ഈ സ്റ്റാഫുകള്‍ക്കെല്ലാം വീട്ടുവാടകയും അനുവദിച്ചിട്ടുണ്ട്. സ്ഥിരജീവനക്കാര്‍ക്കു മാത്രമേ അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനം വീട്ടുവാടകയായി അനുവദിക്കാന്‍ കഴിയൂവെന്ന നിയമം വരെ ലംഘിച്ചാണ് പുതിയ നിയമനങ്ങള്‍ നടന്നിരിക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരില്‍ കാബിനറ്റ് പദവിയുള്ളവരുടെ എണ്ണം ഇപ്പോള്‍ 24 ആണ്. 20 മന്ത്രിമാര്‍ക്കു പുറമേ, ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍, മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള, ചീഫ് വിപ്പ് കെ.രാജന്‍ എന്നിവര്‍ക്കും കാബിനറ്റ് പദവി അനുവദിച്ചിട്ടുണ്ട്.

