Friday, December 26, 2025

കള്ളവോട്ട്:13 പേര്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട്. കണ്ണൂര്‍ ലോക് സഭാ മണ്ഡലത്തിലെ ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകന്‍ സായൂജിനെതിരെ കേസെടുത്തു. വീഡിയോ പരിശോധനയില്‍ സായൂജ് കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതിനാലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ധര്‍മ്മടത്തും പാമ്പുരുത്തിയിലുമായി 13 പേര്‍ കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചിരുന്നു.

കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി. എഫ് പ്രകാരം ക്രിമിനല്‍ കേസെടുക്കും. പാമ്പുരുത്തിയിലെ പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്‌സെര്‍വര്‍ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജില്ലാ കളക്ടര്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 അനുസരിച്ച് ഇവര്‍ക്കെതിരെയും ക്രിമനല്‍ നടപടി സ്വീകരിക്കും.

ഉദ്യോഗസ്ഥര്‍ക്കെതിരെ അവരുടെ വകുപ്പുകള്‍ അച്ചടക്ക നടപടിയെടുക്കാനും ശുപാര്‍ശ ചെയ്യും. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി. കെ. ശ്രീമതിയുടെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. സുധാകരന്റേയും പോളിംഗ് ഏജന്റുമാരാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്‍കിയത്.

പോളിംഗ് സ്റ്റേഷനിലെ വീഡിയോ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്. അബ്ദുള്‍ സലാം, മര്‍ഷദ്, ഉനിയാസ് കെ. പി, എന്നിവര്‍ രണ്ടു തവണയും കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുള്‍ സലാം, സാദിഖ് കെ. പി, ഷമല്‍, മുബഷിര്‍ എന്നിവര്‍ ഓരോ തവണയും വോട്ടു ചെയ്തുവെന്നാണ് ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചത്.

ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52 ലാണ് സായൂജ് കള്ളവോട്ട് ചെയ്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്റെ പോളിംഗ് ഏജന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ പരിശോധന നടത്തിയത്. വീഡിയോ പരിശോധനയില്‍ ബൂത്ത് നമ്പര്‍ 47ലെ വോട്ടര്‍ ആയ സായൂജ് 52ല്‍ വോട്ട് ചെയ്തതായി കണ്ടെത്തി. ഇയാള്‍ 47ലും വോട്ട് ചെയ്തിട്ടുണ്ട്. ഇവിടത്തെ ഉദ്യോഗസ്ഥര്‍, പോളിംഗ് ഏജന്റുമാര്‍ എന്നിവരുടെ പങ്കും അന്വേഷിക്കും.

Related Articles

Latest Articles