വയനാട് : പുതുശേരിയില്‍ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കര്‍ഷകന്‍ പള്ളിപ്പുറത്ത് സാലു (52) മരിച്ചു. ഇന്നു രാവിലെ 11 മണിയോടെയാണ് തൊണ്ടര്‍നാട് പുതുശേരിയില്‍ വീടിനടുത്ത് നിന്ന സാലുവിനെ കടുവ ആക്രമിക്കുകയായിരുന്നു. കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരം മരിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ സാലുവിനു ഹൃദയാഘാതവുമുണ്ടായി.
ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ കര്‍ഷകന്റെ ജീവനെടുത്തതില്‍ പുതുശേരിയില്‍ നാട്ടുകാർ ശക്തമായി പ്രതിഷധിച്ചു. കടുവ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ വിവരം അറിഞ്ഞിട്ടും വനപാലകര്‍ സ്ഥലത്തെത്താന്‍ വൈകിയെന്നു നാട്ടുകാര്‍ ആരോപിച്ചു. കടുവയുടെ കാല്‍പാട് കണ്ട ഭാഗത്തു തിരച്ചില്‍ നടത്താതെ വനപാലകര്‍ തിരികെ പോവുകയാണുണ്ടായത്. കടുവയെ എത്രയും വേഗം കണ്ടെത്തി വെടിവച്ചുകൊല്ലണമെന്നും ഭീതി അകറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കടുവയെ ഇതുവരെ പിടികൂടാനാകാത്ത സാഹചര്യത്തിൽ പ്രദേശവാസികൾക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

