Thursday, December 18, 2025

ഭര്‍തൃവീട്ടിൽ ഫ‍ർസാന തൂങ്ങിമരിച്ച സംഭവം; നീതി തേടി കുടുംബം

ഭര്‍തൃവീട്ടിൽ മകൾ തൂങ്ങിമരിച്ച സംഭവത്തിൽ നീതിവേണമെന്ന് പെൺകുട്ടിയുടെ കുടുംബം. തമിഴ്നാട്ടിലെ ഗൂഡലൂരിൽ വെച്ച് ഭർത്താവിന്റെ പീഡനം മൂലമാണ് മകൾ മരിച്ചതെന്നാണ് പിതാവിന്റെ ആരോപണം. തമിഴ്നാട് പോലീസുമായി ഒത്തുകളിച്ച് മകളുടെ മരണം ആത്മഹത്യയാക്കി മാറ്റിയെന്നാണ് പരാതി.

വയനാട്ടുകാരായ അബ്ദുൽ സമദും ഫർസാനയും തമ്മിൽ വിവാഹിതരായത് നാല് വർഷം മുൻപാണ്. ഗൂഡലൂരിൽ മൊബൈൽ വ്യാപാരസ്ഥാപനം തുടങ്ങിയ അബ്ദുൾ സമദ് പിന്നീട് കുടുംബവുമൊത്ത് ഗൂഡലൂരിലേക്ക് താമസം മാറി. 2020 ജൂൺ പതിനെട്ടിനാണ് മകൾ തൂങ്ങി മരിച്ചെന്ന് അറിയിച്ച് പിതാവായ അബ്ദുള്ളയ്ക്ക് ഫോൺ വരുന്നത്. തുടക്കത്തിൽ ദുരൂഹത ഉന്നയിച്ച പൊലീസ് തന്നെ പിന്നീട് മലക്കം മറിഞ്ഞെന്നാണ് ഈ പിതാവിന്റെ പരാതി. മൃതദേഹം കാണാൻ പോലും വൈകിയാണ് തന്നെ അനുവദിച്ചതെന്ന് അബ്ദുള്ള ആരോപിക്കുന്നു. ഫര്‍സാനയെ കെട്ടിത്തൂങ്ങിയ നിലയില്‍ മറ്റാരും കണ്ടിട്ടില്ല. മകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാൻ പോലും പതിനൊന്ന് മാസമെടുത്തു. മരണസമയം ഫർസാനക്ക് പരുക്കേറ്റിരുന്നതായും, മരുമകന്റെ രാഷ്ട്രീയ സ്വാധീനത്തിൽ കേസ് അട്ടിമറിച്ചെന്നുമാണ് പരാതി.

മകളുടെ മരണത്തിലെ ദൂരൂഹത അകറ്റണമെന്ന ആവശ്യവുമായി നീലഗിരി ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഫർസാനയുടെ കുടുംബം. എന്നാൽ ആരോപണങ്ങൾ തള്ളിയ അബ്ദുൾ സമദ് പരാതി വ്യാജമാണെന്ന് പ്രതികരിച്ചു. രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയല്ല താൻ. ഫർസാനയുടേത് ആത്മഹത്യ തന്നെയാണ്. ഏത് അന്വേഷണവും നേരിടാൻ താൻ തയ്യാറണെന്നും അബ്ദുൾ സമദ് പറഞ്ഞു.

Related Articles

Latest Articles