തിരുവനന്തപുരം: ഭാര്യക്കും സുഹൃത്തുക്കൾക്കുമെതിരെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിട്ട് മകനൊപ്പം കാർ ടാങ്കർ ലോറിയിലേക്ക് ഇടിച്ചുകയറ്റി ആത്മഹത്യ. പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി പ്രകാശ് (48), മകൻ ശിവദേവ് (11) എന്നിവരാണ് മരിച്ചത്. പ്രകാശ്, ശശികല ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. മാമം പാലത്തിനു സമീപം ഇന്നലെ രാത്രി 12നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോകുകയായിരുന്നു ഇവർ. തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഡീസലുമായി വന്ന ടാങ്കർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഭാര്യ ശശികല ഒൻപതു മാസമായി വിദേശത്താണ്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇരുവർക്കുമിടയിൽ തർക്കമുണ്ടായിരുന്നു. വിദേശത്തുനിന്ന് മടങ്ങിവരാൻ ആവശ്യപ്പെട്ടിട്ടും ശശികല അനുസരിച്ചില്ല. ഇതേത്തുടർന്നാണ് ആത്മഹത്യ.
സാധാരണ വാഹനാപകടമെന്ന് കരുതിയ സംഭവം, പ്രകാശിന്റെ ചില സുഹൃത്തുക്കൾ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടുമ്പോഴാണ് വഴിത്തിരിവിലെത്തുന്നത്. ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. ഇന്നലെ രാത്രി 10.59ന് ‘എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാർ ഇവർ’ എന്ന് പ്രകാശ് ഫെയ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അഞ്ചുപേരുടെ ചിത്രങ്ങളും പോസ്റ്റിലുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കാറിൽ ആറ്റിങ്ങൽ ഭാഗത്തേക്ക് എത്തിയ ഇവർ വാഹനം ടാങ്കറിലേക്ക് ഇടിച്ചു കയറ്റിയത്. പരാതി കൊടുത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതു കൊണ്ടല്ല ആത്മഹത്യ ചെയ്യുന്നതെന്നും ജനങ്ങൾ കാര്യങ്ങൾ അറിയണമെന്നും ആത്മഹത്യാക്കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു. ഭാര്യയുടെ പ്രവൃത്തികളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും മോൾ അച്ഛനോടു ക്ഷമിക്കണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

