തൃശൂർ : വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു എന്ന് കരുതിയ അവണൂരിലെ ഗൃഹനാഥൻ ശശീന്ദ്രന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞതിലുള്ള ഞെട്ടലിലാണ് അവണൂർ നിവാസികൾ.സംഭവത്തിൽ മകൻ ആയുർവേദ ഡോക്ടറായ മയൂർനാഥനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ രക്തം ഛർദിച്ച് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചത്.
അച്ഛനോടും രണ്ടാനമ്മയോടും ദീർഘകാലമായിയുണ്ടായിരുന്ന കടുത്ത പകയാണു കടലക്കറിയിൽ വിഷം കലർത്തിയുള്ള കൊലയിലെത്തിച്ചത്. ‘അച്ഛനെയാണു കൊല്ലാനുദ്ദേശിച്ചത്. വേറെ ആരെയും ഒന്നും ചെയ്യാൻ ഉദ്ദേശ്യമില്ലായിരുന്നുവെന്ന് മകൻ മൊഴി നൽകി.
ശശീന്ദ്രനും ആദ്യ ഭാര്യ ബിന്ദുവിന്റെയും മകനാണ് മയൂർനാഥ്. 15 വർഷം മുൻപു മയൂർനാഥിന്റെ കഴുത്തിലൊരു മുഴയുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം തല അൽപം ചരിച്ചുവച്ചാണു ഡോക്ടർമാർ മുറിവുകെട്ടി വീട്ടിലേക്കയച്ചത്. ഈ കാഴ്ച കണ്ട് ‘അമ്മ ബിന്ദുവിനു കടുത്ത മനഃപ്രയാസമുണ്ടായി. ഒടുവിൽ വിഷമം സഹിക്കവയ്യാതെ മണ്ണെണ്ണയൊഴിച്ചു ബിന്ദു സ്വയം തീകൊളുത്തിയെന്നു നാട്ടുകാർ പറയുന്നു. എന്നാൽ ബിന്ദുവിന്റെ മരണം നടന്ന് ഒരു വർഷത്തിനുള്ളിൽ അച്ഛൻ മറ്റൊരു വിവാഹം ചെയ്തത് മയൂർനാഥിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
പഠനത്തിൽ മിടുക്കനായിരുന്ന മയൂർനാഥിന് എംബിബിഎസിനു സീറ്റ് ലഭിച്ചെങ്കിലും ആയുർവേദം തിരഞ്ഞെടുത്തത് നാട്ടുകാരെ മുഴുവൻ അമ്പരിപ്പിച്ചിരുന്നു.ആയുർവേദ മരുന്നുകൾ സ്വയം ഗവേഷണം നടത്തി കണ്ടെത്താൻ വീടിന്റെ മുകളിൽ ഒരു ലാബും ഇയാൾ ഉണ്ടാക്കി. ഈ ലാബിനു വേണ്ടി ഇടയ്ക്കിടെ മയൂർനാഥ് പണം ആവശ്യപ്പെടുന്നത് വീട്ടിൽ വലിയ വഴക്കിനു കാരണമായിരുന്നു. രാസവസ്തുക്കൾ ഓൺലൈനിൽ നിന്ന് വാങ്ങിയ ശേഷം ഇയാൾ തന്റെ ലാബിൽ വച്ചാണ് വിഷക്കൂട്ട് നിർമ്മിച്ചത്.

