Wednesday, May 15, 2024
spot_img

ജനക്കൂട്ടത്തെ കൈയ്യിലെടുക്കാൻ അയാൾക്ക് ആ മൂന്ന് പന്ത് ധാരാളമായിരുന്നു; ധോണി ഫീവറിൽ ആരാധകർ !

ചെന്നൈ : 2 വർഷത്തെ ഇടവേളയ്ക്കു ശേഷം ഹോം ഗ്രൗണ്ടായ ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി ചെന്നൈ സൂപ്പർ കിങ്സ്. ലക്‌നൗ സൂപ്പർ ജയന്റ്സിനെ 12 റൺസിന് തോൽപ്പിച്ചാണ് ചെന്നൈ മടങ്ങി വരവ് അവസ്മരണീയമാക്കിയത്. ഋതുരാജ് ഗെയ്‌ക്‌വാദ് ബാറ്റിങ്ങിലും മൊയീൻ അലി ബോളിങ്ങിലും മികച്ച പ്രകടനം നടത്തിയപ്പോൾ അവരെക്കാൾ ഒരുപടി മുന്നിൽ ആരാധക ഹൃദയം കീഴടക്കിയത് സാക്ഷാൽ മഹേന്ദ്രസിങ് ധോണിയായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റർമാർ മിന്നിത്തിളങ്ങിയ മത്സരത്തിൽ അവസാന ഓവറിൽ ബാറ്റിങ്ങിനെത്തിയ ധോണിക്ക് ലഭിച്ചത് വെറും മൂന്നു പന്തുകൾ മാത്രം. പക്ഷേ, ചെന്നൈ ആരാധകരെ കൈയിലെടുക്കാൻ ആ മൂന്നു പന്തുകൾ തന്നെ ധാരാളമായിരുന്നു.

ലക്നൗ പേസർ മാർക്ക് വുഡ് എറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്തിൽ രവീന്ദ്ര ജഡേജ പുറത്തായതോടെയാണ് ധോണി ക്രീസിലെത്തുന്നത്. ജഡേജ പവലിയനിലേക്കു മടങ്ങി ധോണി ക്രീസിലേക്കു വരുമ്പോൾ തന്നെ ഗാലറി ഇളകിമറിഞ്ഞു.

മാർക്ക് വുഡിന്റെ ആദ്യ പന്തു തന്നെ 150 കിലോമീറ്ററിന് അടുത്ത് വേഗതയിലാണ് കുതിച്ചെത്തിയത്. എന്നാൽ വന്ന അതേ സ്പീഡിൽ തൊട്ടടുത്ത നിമിഷം ആ പന്ത് തേഡ്മാനു മുകളിലൂടെ ഗാലറിയിലെത്തി! ടെ ഗാലറി ഇളകിമറിഞ്ഞു.

തൊട്ടുപിന്നാലെ ധോണിക്കെതിരെ മാർക്ക് വുഡിന്റെ ഷോർട്ട് ബോൾ പരീക്ഷണം. കുത്തിയുയർന്ന പന്ത് തലയ്ക്കൊപ്പമാണ് വന്നതെങ്കിലും ധോണി പുൾ ചെയ്ത പന്ത് ആകാശംമുട്ടെ ഉയർന്ന് ഡീപ് സ്ക്വയർ ലെഗ്ഗിലൂടെ ഗാലറിയിലെത്തി.

151.2 കിലോമീറ്റർ വേഗതയിലെത്തിയ അടുത്ത പന്തും അതിർത്തി വരകടത്താൻ ധോണി ശ്രമിച്ചെങ്കിലും ഉയർന്നുപൊങ്ങിയ പന്ത് ഡീപ് കവറിൽ രവി ബിഷ്ണോയിയുടെ കൈകളിലൊതുങ്ങി. അൽപം നിരാശയോടെ ധോണി കളം വിട്ടെങ്കിലും, മൂന്നു പന്തിൽ രണ്ടു സിക്സർ സഹിതം ധോണി നേടിയ 12 റൺസ് ആരാധകർ ആഘോഷമാക്കുകയായിരുന്നു.

ഇതിനിടെ, ഐപിഎൽ ക്രിക്കറ്റിൽ 5000 റൺസ് തികയ്ക്കുന്ന ഏഴാമത്തെ താരമായും ധോണി മാറി. ലക്നൗവിനെതിരെ നേടിയ രണ്ടാമത്തെ സിക്സറാണ് ധോണിയെ 5000 കടത്തിയത്. ഐപിഎലിൽ തന്റെ 208–ാം ഇന്നിങ്സിലാണ് ധോണിയുടെ നേട്ടം.

Related Articles

Latest Articles