Friday, May 3, 2024
spot_img

“പരാജയഭീതി പൂണ്ട സിപിഎം അക്രമം അഴിച്ചുവിടുന്നു !”വി.മുരളീധരൻ്റെ വാഹന ജാഥയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ്റെ വാഹന ജാഥയ്ക്ക് നേരെ നടന്ന സിപിഎം അക്രമം പ്രതിഷേധാർഹമാണെന്ന് വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. പരാജയഭീതി പൂണ്ട സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

“പള്ളിക്കൽ കുത്തിക്കാട് വെച്ച് നടന്ന അതിക്രമം കാരണം വാഹനപര്യടനം നിർത്തിവെക്കേണ്ടി വന്നു. പ്രവർത്തകരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാർക്ക് അർഹമായ ശിക്ഷ ലഭിക്കണം.”- കെ സുരേന്ദ്രൻ പറഞ്ഞു.

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വി. മുരളീധരന്റെ പര്യടന വാഹന വ്യൂഹത്തിൽ കടന്നു കയറി ആക്രമണം നടത്തിയത്. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ പകൽക്കുറി കൊട്ടിയം മുക്കിൽ വച്ചായിരുന്നു സംഭവം. ആക്രമണത്തെത്തുടർന്ന് അരമണിക്കൂറോളം പര്യടനം നിർത്തിവച്ച വി. മുരളീധരൻ പള്ളിക്കൽ പോലീസ് എത്തിയ ശേഷമാണ് പര്യടനം തുടർന്നത്. ആക്രമണത്തിന് നേതൃത്വം നൽകിയത് സിപിഎം മുൻ പഞ്ചായത്ത് അംഗത്തിന്റെ മകനാണെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് വൈകുന്നേരം ഏഴേകാൽ മണിയോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം, പര്യടനത്തിലെ വാഹന വ്യൂഹത്തിൽ കടന്നു കയറിയ ശേഷം വാഹനവ്യൂഹത്തിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടുന്ന ബൈക്ക് യാത്രികരെയും വി. മുരളീധരനെയും അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു.

പ്രവർത്തകരോട് സമാധാനം പാലിക്കാൻ കർശന നിർദ്ദേശം നൽകി സംഘർഷം ഒഴിവാക്കിയ കേന്ദ്രമന്ത്രി, പള്ളിക്കൽ പോലീസുമായി ബന്ധപ്പെട്ടു. കേന്ദ്ര മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും പോലീസിൽ വിവരം അറിയിച്ചു. കല്ലറ കോണം ജംഗ്ഷനിലും അക്രമ സംഘം സംഘർഷത്തിന് ശ്രമം നടത്തി .സിപിഎം കൊടി വീശിയാണ് കല്ലറ കോണത്ത് സംഘർഷത്തിന് ശ്രമം നടത്തിയത് . തെരഞ്ഞെടുപ്പ് കമ്മീഷനുമായും ബന്ധപ്പെട്ട് പരാതി നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആക്രമത്തിന് പിന്നിലുള്ളവർ പരാജയഭീതിയിൽ ആക്രമണം അഴിച്ചുവിടാൻ ശ്രമിക്കുകയാണെന്നും ബിജെപി പ്രവർത്തകർ പൂർണ്ണമായും സമാധാനം പാലിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു

Related Articles

Latest Articles