Monday, January 12, 2026

ഫയലുകള്‍ തീര്‍പ്പാക്കാനുള്ള വകുപ്പുകള്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കണം: നിർദ്ദേശം നൽകി ജില്ലാ കളക്ടര്‍, ഞായറാഴ്ച്ച ജില്ലയിലെ എല്ലാ ഓഫീസുകളും പ്രവര്‍ത്തിക്കും

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്ര യജ്ഞത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ കൂടുതല്‍ ഫയലുകള്‍ ശേഷിക്കുന്ന വകുപ്പുകള്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ജില്ലയിലെ എല്ലാ സബ് ഓഫീസുകളിലും ഫയല്‍ തീര്‍പ്പാക്കല്‍ നടക്കുന്നുണ്ടെന്ന് ജില്ലാ മേധാവികള്‍ ഉറപ്പാക്കണം. ഇതിനായി ആഴ്ചയിലൊരിക്കല്‍ ഏതെങ്കിലും സബ് ഓഫീസുകളില്‍ നേരിട്ട് പോയി പ്രവര്‍ത്തനം വിലയിരുത്തണം. തീര്‍പ്പാക്കുന്ന ഫയലുകളുടെ വിവരങ്ങള്‍ ഫയല്‍ അദാലത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഷീറ്റില്‍ യഥാസമയം ചേര്‍ക്കുന്നുണ്ടെന്ന് നോഡല്‍ ഓഫീസര്‍മാര്‍ ഉറപ്പാക്കണം. ഫയലുകള്‍ യഥാസമയം തീര്‍പ്പാക്കുന്നുണ്ടെന്ന് ജില്ലാ ഓഫീസര്‍മാര്‍ ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

ഞായറാഴ്ച്ച ജില്ലയില്‍ ഫയല്‍ തീര്‍പ്പാക്കല്‍ ദിനമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളും തുറന്നുപ്രവര്‍ത്തിക്കും. 16,000 ഫയലുകളാണ് ഞായറാഴ്ച മാത്രം തീര്‍പ്പാക്കാന്‍ ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ സര്‍വീസ് സംഘടന പ്രതിനിധികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സാധിക്കുന്നത്ര ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. അതേസമയം ഞായറാഴ്ച സന്ദര്‍ശകര്‍ക്ക് അനുമതി ഉണ്ടാകില്ല. യോഗത്തില്‍ അഡീഷ്ണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Latest Articles