Thursday, May 2, 2024
spot_img

പ്രളയബാധിതർക്ക് സാന്ത്വനവുമായി അണ്ണനും തമ്പിയും ! ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ സംഭാവന ചെയ്ത് ചലച്ചിത്ര താരങ്ങളായ സൂര്യയും കാർത്തിയും

ചെന്നൈ: മിഗ് ജൗമ് ചുഴലിക്കാറ്റ് ദുരന്തം വിതച്ച തമിഴ്‌നാടിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള സാധാരണക്കാർക്ക് ആശ്വാസവുമായി നടന്മാരും സഹോദരന്മാരുമായ സൂര്യയും കാർത്തിയും. ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും പത്തുലക്ഷം രൂപ സംഭാവനയായി നൽകി. വെള്ളപ്പൊക്കം കനത്ത നാശം വിതച്ച ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ എന്നീ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സഹായമെത്തുക. ഫാൻസ് അസോസിയേഷനുകളുമായി സഹകരിച്ചാണ് ഇരുതാരങ്ങളും സഹായം എത്തിക്കുക.

അതെ സമയം പ്രളയക്കെടുതിയിൽ ചെന്നൈയില്‍ മരണം എട്ടായി ഉയർന്നു. 17 സബ്‌വേകള്‍ അടച്ചതായി പോലീസ് അറിയിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ച രാവിലെ 8.30-ഓടെ ചെന്നൈയിൽനിന്ന് 90 കിലോമീറ്റർ അകലെവെച്ചാണ് ശക്തിയേറിയ ചുഴലിക്കാറ്റായി രൂപംപ്രാപിച്ചത്. ഞായറാഴ്ച രാത്രി ചെന്നൈ നഗരത്തിലും തമിഴ്‌നാടിന്റെ വടക്കൻ പ്രദേശങ്ങളിലും ശക്തമായ മഴ തുടങ്ങിയിരുന്നു .2015 ലെ പ്രളയത്തിന് സമാനമായുള്ള ദൃശ്യങ്ങളാണ് ചെന്നൈ നഗരത്തിലുടനീളം കാണാനായത്. നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ വെള്ളത്തിലൂടെ ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ എക്‌സ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചെന്നൈ വിമാനത്താവളത്തിന്റെ റണ്‍വേയിൽ വെള്ളം കയറിയതിനെത്തുടർന്ന് വിമാനത്താവളം ഇന്ന് രാവിലെ 9 മണിവരെ അടച്ചിട്ടു.തമിഴ്‌നാടിന്റെ തീരദേശ ജില്ലകളില്‍ 5,000 ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനോടകം സര്‍ക്കാര്‍ ഒരുക്കിയത്.

കനത്ത മഴ തുടരുന്ന ഇടങ്ങളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികള്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി പ്രവര്‍ത്തിച്ചുവരികയാണെന്ന് ഗവര്‍ണര്‍ ആ.എന്‍. രവി അറിയിച്ചു. സാഹചര്യം സര്‍ക്കാർ നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങള്‍ സുരക്ഷിതമായി അവരുടെ വീട്ടില്‍തന്നെ കഴിയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Related Articles

Latest Articles