Monday, June 17, 2024
spot_img

കൈയ്യിൽ നയാപൈസയില്ല, മീറ്റിംഗുകളിൽ ചായയും കടിയും ഒഴിവാക്കി; പേപ്പറിനുപോലും ക്ഷാമം; മുണ്ടുമുറുക്കിയുടുത്ത് ഇമ്രാൻ ഖാന്‍റെ ഭരണം

ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനിൽ സ്ഥിതി കൂടുതൽ വഷളാവാതിരിക്കുവാൻ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് സർക്കാർ. ഇമ്രാൻ ഖാൻ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ് ഒരു വർഷം കഴിഞ്ഞിട്ടും പാകിസ്ഥാന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിരുന്നില്ല. പാകിസ്ഥാന്‍റെ സാമ്പത്തിക നില എൺപതുകളിലെ സമൃദ്ധിയിലേക്ക് തിരികെ എത്തിക്കും എന്ന് അവകാശപ്പെട്ടാണ് ഇമ്രാൻ ഖാന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാരത്തിലേറിയ ഉടനെ മുൻ പ്രധാനമന്ത്രി ഔദ്യോഗിക വസതിയിൽ വളർത്തിയിരുന്ന പോത്തുകളെയടക്കം പരസ്യമായി ലേലം ചെയ്തും വാഹനങ്ങളിലടക്കമുള്ള ആർഭാടം കുറച്ചുമെല്ലാം ഇമ്രാൻ ഖാൻ വാർത്തയിൽ നിറഞ്ഞിരുന്നു.

എന്നാൽ പാകിസ്ഥാന്‍റെ സാമ്പത്തിക നില കൂടുതൽ വഷളായതോടെയാണ് സർക്കാർ ഓഫീസുകളിലടക്കം കടുത്ത അച്ചടക്കനടപടി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് പാക് ധനകാര്യ മന്ത്രാലയം.2019-20 കാലയളവിലേക്ക് സർക്കാർ വകുപ്പുകളിലേക്ക് പുതിയ വാഹനങ്ങളൊന്നും വാങ്ങരുതെന്ന കർശന നിർദ്ദേശത്തോടൊപ്പം പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിലേക്കായി പത്രങ്ങളും മാഗസിനുകളും വാങ്ങുന്നതിനും വിലക്കുണ്ട്. ഒരു പത്രം മാത്രമേ വാങ്ങാവൂ എന്നാണ് പുതിയ നിർദ്ദേശം. ഇതു കൂടാതെ ഓഫീസുകളിലെ വൈദ്യുതി,വെള്ളം,ഫോൺ,ഗ്യാസ് എന്നിവയുടെ ഉപയോഗം പരിമിതപെടുത്തണമെന്നും സർക്കുലറിൽ പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. ഔദ്യോഗിക അറിയിപ്പുകൾക്കടക്കം കടലാസുപയോഗിക്കുമ്പോൾ രണ്ടുവശങ്ങളും എഴുതുവാനോ പ്രിന്‍റ് ചെയ്യുവാനോ ഉപയോഗിക്കണം. ഓഫീസുകളിൽ മീറ്റിംഗുകൾ നടക്കുന്ന അവസരത്തിൽ ചായയും ചെറുകടികളും നൽകുന്നതിന് നേരത്തെ പാകിസ്ഥാനിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Related Articles

Latest Articles