തൃശൂർ : നിക്ഷേപകരിൽ നിന്ന് സമാഹരിച്ച 200 കോടിയിലേറെ രൂപയുമായി പ്രതികൾ മുങ്ങിയ ധന വ്യവസായ ബാങ്കേഴ്സ് നിക്ഷേപത്തട്ടിപ്പു കേസിൽ പ്രതികളുടെ നിക്ഷേപങ്ങള്‍ സർക്കാർ മരവിപ്പിച്ചു. ധന വ്യവസായ ബാങ്കേഴ്സ്, ധന വ്യവസായ സ്ഥാപനം എന്നിവയുടെ ഉടമസ്ഥൻ വടൂക്കര സ്വദേശി ജോയ് ഡി.പാണഞ്ചേരി (66), ഇയാളുടെ ഭാര്യയും സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറുമായി കൊച്ചുറാണി (60) എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ സർക്കാർ കണ്ടുകെട്ടും. നിലവിൽ വടൂക്കരയിലെ രണ്ടു വീടുകള്‍, തൃശൂരിലെ സ്ഥാപനം, കടമുറികള്‍ എന്നിവയാണ് റവന്യു റിക്കവറിക്ക് വിധേയമാക്കി . ബഡ്സ് ആക്ട് (നിയമ വിധേയമല്ലാത്ത നിക്ഷേപത്തിന്റെ നിരോധനം സംബന്ധിച്ച നിയമം) പ്രകാരമാണ് നടപടി. കേസിലെ പ്രധാന പ്രതി ജോയ് കഴിഞ്ഞ ദിവസം പോലീസിൽ കീഴടങ്ങിയിരുന്നു.
20% വരെ മോഹന പലിശ വാഗ്ദാനം ചെയ്താണ് നൂറുകണക്കിനു നിക്ഷേപകരിൽ നിന്ന് ഇവർ 200 കോടിയിലേറെ രൂപ സമാഹരിച്ചത് . ഇതിനു ശേഷം ജോയിയും ഭാര്യ കൊച്ചുറാണിയും കമ്പനിയുടെ മറ്റു ഡയറക്ടർമാരും മുങ്ങിയെന്നാണു കേസ്.ഇക്കഴിഞ്ഞ ഡിസംബറിൽ കമ്പനിയുടെ ഓഫിസുകൾ താഴ് വീണ നിലയിൽ കണ്ടതോടെ തട്ടിപ്പു മനസിലായ നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായി മുന്നോട്ടു വന്നു. നിലവിലെ പരാതികളിൽ നിന്നു മാത്രം 24.17 കോടി രൂപയാണ് പ്രതികൾ തട്ടിയെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.

