കൊല്‍ക്കത്ത: യുവ വനിതാ ഡോക്ടര്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. ബലാത്സംഗക്കൊലയ്ക്ക് സമാന്തരമായാകും സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുക.
ഡോക്ടര്‍ കൊല്ലപ്പെടുമ്പോള്‍ പ്രിന്‍സിപ്പലായിരുന്ന സന്ദീപ് ഘോഷിന്റെ കാലത്ത് നടന്ന ക്രമക്കേടുകളാണ് സിബിഐ അന്വേഷിക്കുക എന്നാണ് വിവരം. കൊൽക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്ഐടി) നിന്ന് സിബിഐ ഏറ്റെടുത്തത്. സിബിഐ സംഘം ആവശ്യമായ രേഖകള്‍ എസ്ഐടിയില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. വീണ്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ ഏജൻസി കടന്നിട്ടുണ്ട്.
ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് അക്തര്‍ അലിയുടെ പരാതിയിലാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടത്. സാമ്പത്തിക ക്രമക്കേടുകളിന്മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം വേണമെന്നായിരുന്നു അക്തര്‍ അലിയുടെ ആവശ്യം.

