Thursday, January 1, 2026

ഹരിപ്പാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; അപകടം പെട്രോള്‍ പമ്പിന് സമീപം, ഒഴിവായത് വന്‍ ദുരന്തം

ആലപ്പുഴ: ആലപ്പുഴയില്‍ ഹരിപ്പാട് ദേശീയപാതയ്ക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്. ദേശീയപാതയിലെ കരുവാറ്റ പവര്‍ഹൗസിന് പടിഞ്ഞാറ് വശത്തെ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം.

തീപിടുത്തത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. സമീപത്തെ പെട്രോള്‍ പമ്പിലേക്ക് തീപടരുന്നതിന് മുന്‍പ് അണക്കാനായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ശൂരനാട് നടുവിലേമുറി മന്‍സൂര്‍ മന്‍സില്‍ മന്‍സൂറും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കത്തി നശിച്ചത്. ഓണാവധിക്ക് കുടുംബത്തോടപ്പം പാലക്കാടുള്ള ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം.

സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ കാറിന്റെ മുന്‍ വശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ വാഹനം നിര്‍ത്തി എല്ലാവരെയും പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തുടര്‍ന്ന് ഹരിപ്പാട് നിന്നും കായംകുളത്ത് നിന്നും അഗ്‌നിശമന സേന എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.

Related Articles

Latest Articles