ദില്ലി: ഏപ്രിൽ 20-ന് അബുദാബിയിൽ ഗൾഫ് മേഖലയിലെ ആദ്യ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നു. ലോക്‍സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവസാനത്തെ വിദേശസന്ദർശനമാകും യുഎഇയിലേത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുഎഇ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി ഇതേ ക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തിരുന്നു. ആഗോള സർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മോദിയുടെ ശിലാന്യാസ ചടങ്ങ്.
അബുദാബിയിൽ പണിയുന്ന ക്ഷേത്രം ദില്ലിയിലുള്ള സ്വാമി നാരായൺ സൻസ്ഥ എന്ന സംഘടനയുടെ സ്വാമി നാരായൺ ക്ഷേത്രത്തിന്‍റെ തനിപ്പകർപ്പാണ്. 55,000 സ്ക്വയർ മീറ്റർ ചുറ്റളവിലുള്ള ക്ഷേത്രത്തിനുള്ള ഭൂമി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ ആണ് വിട്ടുനൽകിയത്.

