Friday, December 19, 2025

ഹിമാചലിൽ ഏകീകൃത സിവിൽ കോഡ് : അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പുതിയ മെഡിക്കൽ കോളേജുകൾ ഹിമാചലിൽ പ്രവർത്തനമാരംഭിക്കും, സംസ്ഥാനത്ത് ആദ്യം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും; പ്രകടന പത്രിക പുറത്തിറക്കി ബിജെപി

ഷിംല: ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയാണ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. വഖഫ് സ്വത്തുക്കളുടെ നിയമവിരുദ്ധമായ ഉപയോഗം തടയുമെന്നും ഹിമാചലിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും തുടങ്ങി 11 പ്രതിജ്ഞകളാണ് പ്രകടന പത്രികയിൽ ചൂണ്ടികാട്ടിയിരിക്കുന്നത്. ഹിമാചൽ മുഖ്യമന്ത്രി ജയറാം ഠാക്കൂർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുരേഷ് കശ്യപ്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

സംസ്ഥാനത്ത് ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ 11 വാഗ്ദാനങ്ങൾ പാലിക്കുമെന്ന് നദ്ദ പറഞ്ഞു. സംസ്ഥാനത്ത് ആദ്യം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. വിദഗ്ധ സമിതിയെ ഇതിനായി നിയോഗിക്കുമെന്നും സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിനനുസരിച്ച് സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും നദ്ദ അറിയിച്ചു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന കൂടാതെ മുഖ്യമന്ത്രി അന്നദാതാ സമ്മാൻ നിധിയിലേക്കും പ്രതിവർഷം 3,000 രൂപ കൂടി വിതരണം ചെയ്യും. ഏകദേശം 10 ലക്ഷം കർഷകരെ ഇതുമായി ബന്ധിപ്പിക്കും.

ഘട്ടം ഘട്ടമായി സംസ്ഥാനത്തെ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും നദ്ദ പറഞ്ഞു. 8 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിൽ സർക്കാർ ജോലികളും സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളും ഉൾപ്പെടും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയ്‌ക്ക് കീഴിലുള്ള ‘പക്കാ’ റോഡുകളുമായി സംസ്ഥാനത്തെ എല്ലാ റോഡുകളെയും ബന്ധിപ്പിക്കും. ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളും വികസിപ്പിക്കുന്നതിനായി ‘ശക്തി’ എന്ന പദ്ധതി സംസ്ഥാന സർക്കാർ ആരംഭിക്കുമെന്നും ബിജെപി അദ്ധ്യക്ഷൻ അറിയിച്ചു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് പുതിയ മെഡിക്കൽ കോളേജുകൾ ഹിമാചലിൽ പ്രവർത്തനമാരംഭിക്കും. ആരോഗ്യപരിചരണം ഓരോ ജനങ്ങളുടെയും വീട്ടുപടിക്കൽ എത്തിക്കാൻ മൊബൈൽ ക്ലിനിക്ക് വാനുകളുടെ ലഭ്യത ഇരട്ടിയാക്കും. ഇത്തരം വാനുകളിൽ പതിവ് ആരോഗ്യ പരിശോധനയ്‌ക്കായി സൗകര്യം ഒരുക്കും. യുവാക്കളുടെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സ്റ്റാർട്ടപ്പ് യോജന’ സർക്കാർ അവതരിപ്പിക്കും. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായം വർധിപ്പിക്കുമെന്നും നദ്ദ അറിയിച്ചു.

ഒരു സർവേ നടത്തിയതിന് ശേഷം നിയമപ്രകാരമുള്ള ജുഡീഷ്യൽ കമ്മീഷന്റെ കീഴിൽ വഖഫ് സ്വത്തുക്കളുടെ ഉപയോഗത്തിൽ വിശദമായ അന്വേഷണം നടത്തും. വഖഫ് സ്വത്തുക്കളുടെ അനധികൃത ഉപയോഗം തടയാൻ സർക്കാർ പ്രവർത്തിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിലെ അപാകതകൾ നീക്കം ചെയ്യുമെന്നും നദ്ദ കൂട്ടിച്ചേർത്തു.

Related Articles

Latest Articles