ഇന്ന് ലോക സന്തോഷ ദിനമാണ്. ജോലി, വീട്, പഠനം എന്നിവയ്ക്ക് ചുറ്റും ഓടി പലപ്പോഴും സന്തോഷിക്കാൻ നമ്മളിൽ പലരും മറന്ന് പോകുന്നു. എന്നാൽ മറ്റുചിലരാകട്ടെ ഈ ത്രികോണ ജീവിതത്തിനിടയിലും അവരവരുടെ സന്തോഷത്തെ കണ്ടെത്തുന്നു എന്നുള്ളതാണ്. എങ്ങനെയാണ് ഇത് സാധിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഉത്തരം വളരെ ലളിതമാണ്. എങ്ങനെ ജീവിതത്തെ നോക്കി കാണുന്നു എന്നതിലാണ് നമ്മുടെ സന്തോഷം ഇരിക്കുന്നത് എന്ന് പറയാം. വ്യക്തി ബന്ധങ്ങൾ, കാഴ്ചപ്പാട്,പണം,സഹന ശക്തി,നേട്ടങ്ങൾ ഇവയൊക്കെ നമ്മുടെ സന്തോഷത്തെ നിയന്ത്രിക്കുന്ന കാര്യങ്ങളാണ്.
കൂടുതൽ ആളുകളുമായി സൗഹൃദമുണ്ടാക്കുന്നത് നമ്മളിൽ സന്തോഷം നിറയ്ക്കുന്നു. ബന്ധങ്ങൾ പലപ്പോഴും പലഘട്ടങ്ങളിലും നമുക്ക് തുണയാകാറുണ്ട്. എന്തും തുറന്ന് പറയാൻ ഒരു ജീവിതപങ്കാളിയോ സുഹൃത്തോ ഉണ്ടെങ്കിൽ സങ്കടഭാരം കുറയുകയും അതുവഴി മനസിലെ പിരിമുറുക്കം അയയുകയും ചെയ്യുന്നു. പ്രതിസന്ധികളിൽ ഇത്തരം വ്യക്തിബന്ധങ്ങൾ നമുക്ക് നൽകുന്ന ആശ്വാസം ചെറുതായിരിക്കില്ല. മാത്രമല്ല, പ്രശ്‌നങ്ങൾ പരസ്പരം തുറന്ന് പറയുന്നത് വ്യക്തികളെ തമ്മിൽ അടുപ്പിക്കുന്നതിനും കാരണമാകും.
അതുപോലെ പല കാര്യങ്ങളിലും ഒളിഞ്ഞിരിക്കുന്ന നന്മ കണ്ടെത്താൻ ശ്രമിച്ചാൽ നമുക്ക് സന്തോഷം താനേ വരും. പോസിറ്റീവ് ആയിരിക്കുക എന്ന് ചുരുക്കത്തിൽ പറയാം. എന്നാൽ എല്ലായിപ്പോഴും ഒരു വ്യക്തിക്ക് പോസിറ്റീവായി മാത്രം ഇരിക്കാൻ കഴിയില്ല. പ്രതിസന്ധികൾ വരുമ്പോൾ ‘ഈ സമയവും കടന്നു പോകും’ എന്ന് ചിന്തിക്കുക. സങ്കടം അതിരുകടന്ന് നമ്മുടെ മനസ്സിന്റെ ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്വയ്ം സന്തോഷിപ്പിക്കാനും സമാധാനിപ്പിക്കാനുമുള്ള വഴികൾ നമ്മൾ തന്നെകണ്ടെത്തുക.
എന്തൊക്കെയാണെങ്കിലും സന്തോഷം പണം കൊടുത്ത് വാങ്ങാൻ സാധിക്കില്ല. പക്ഷേ ഭൂരിഭാഗം ജനങ്ങളും പണത്തിന് വേണ്ടി ബുദ്ധിമുട്ടുന്നവരാണ്. അതുകൊണ്ട് തന്നെ ആവശ്യങ്ങൾ നിറവേറ്റാൻ പണം ഇല്ലാതെ വന്നാൽ നിരാശയുണ്ടാകും. അതുപോലെ ചില ആളുകൾക്ക് ചെറിയ കാര്യം മതി മനസ് ഭയങ്കരമായി അസ്വസ്ഥപ്പെടാൻ. മറ്റ് ചിലർക്ക് ‘പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല’ എന്ന മനോഭാവമാണ്. രണ്ടാമത് പറഞ്ഞ വിഭാഗക്കാർക്കാണ് സന്തോഷം എളുപ്പം കണ്ടെത്താൻ സാധിക്കുന്നത്. ചെറിയ കാര്യങ്ങളിൽ മനസ് വിഷമിച്ച് അത് ചിന്തിച്ച് ടെൻഷനടിക്കുന്നത് നമ്മുടെ മനസ്സിന്റെ ആരോഗ്യത്തിന് നല്ലതല്ല. മാത്രമല്ല സന്തോഷം കണ്ടെത്താൻ സാധിക്കുകയുമില്ല. പിന്നെ കഷ്ടപ്പെട്ട് നേട്ടങ്ങൾ കൊയ്‌തെടുക്കുന്നവർ കൂടുതൽ സന്തോഷമുള്ളവരായിരിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിന് ഒരു അതിജീവനത്തിന്റെ കഥയുണ്ടാകും.

