കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പില്‍ ഇതുവരെ 23 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം വ്യക്തമാക്കിയത്. അറസ്റ്റിലായ എറണാകുളം കളക്ടറേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണുപ്രസാദാണ് പ്രളയഫണ്ട് തട്ടിപ്പിലെ മുഖ്യ സൂത്രധാരനെന്നും ഇയാള്‍ കൂടുതല്‍ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയിട്ടുണ്ടെന്നും അതിനാല്‍ വിഷ്ണുപ്രസാദിനെ ഏതാനും ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നും ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു.
കേസില്‍ വിഷ്ണുപ്രസാദിന്‍റെ സുഹൃത്തും സി പി എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നിഥിന്‍, ഭാര്യ ഷിന്‍റു, മഹേഷ്, എന്നിവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഉള്‍പ്പെട്ട സിപിഎം പ്രാദേശിക നേതാവ് എം എം. അന്‍വറും ഭാര്യയും ഒളിവിലാണ്.
അതേസമയം കേസ് ഡയറി ഹാജരാക്കാതെ കസ്റ്റഡി അപേക്ഷ നല്‍കിയതില്‍ അന്വേഷണസംഘത്തെ കോടതി ശാസിച്ചു. കേസ് ഡയറി ഹാജരാക്കാതെ എങ്ങനെയാണ് തീരുമാനമെടുക്കുകയെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസില്‍ എന്തെങ്കിലും മറച്ചുവെക്കാനുണ്ടോ എന്നും കോടതി അന്വേഷണസംഘത്തോട് ചോദിച്ചു. എത്രയുംപെട്ടെന്ന് കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

