Sunday, December 21, 2025

സഹകരണ ബാങ്കിൽ നിന്നു ജപ്തി നോട്ടിസ്: ആത്മഹത്യ‌യ്‌ക്ക് ശ്രമിച്ച വയോധിക ചികിത്സയിലിരിക്കെ മരിച്ചു

തൃശൂർ : സഹകരണ ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് ലഭിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ വയോധിക ചികിത്സയിലിരിക്കെ മരിച്ചു. അറുപത്തിയൊൻപതുകാരിയയായ തങ്കമണിയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തങ്കമണി, മകൾ ഭാഗ്യലക്ഷ്മി (46), ചെറുമകൻ അതുൽ കൃഷ്ണ (10) എന്നിവരെ അമിതമായി ഉറക്കഗുളിക അകത്തു ചെന്ന നിലയിൽ ഭാഗ്യ ലക്ഷ്മിയുടെ ഭർത്താവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വീട്ടിലുണ്ടാക്കിയ പായസത്തിൽ ഉറക്കഗുളിക അമിതമായി ചേർത്തു കഴിക്കുകയായിരുന്നുവെന്നാണ് വിവരം. ഭക്ഷണം കഴിച്ച ശേഷം 3 പേർക്കും അസ്വസ്ഥതകൾ ഉണ്ടായതോടെ ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് ഉടൻതന്നെ ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നില വഷളായതിനെത്തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ജന്മനാ അസുഖങ്ങളുള്ള അതുൽകൃഷ്ണയുടെ ചികിത്സയ്ക്കായി കാടുകുറ്റി സഹകരണ ബാങ്കിൽ നിന്ന് 2019 ലാണ് കുടുംബം 16 ലക്ഷം രൂപ വായ്പയെടുത്തത്. തുടർചികിത്സയ്ക്കായി ബുദ്ധിമുട്ടിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി. ഇതോടെ പലിശയടക്കം 22 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ വൈകിയതോടെ ബാങ്ക് ഡിമാൻഡ് നോട്ടിസ് അയച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കുടുംബം ആത്മഹത്യയ്ക്ക് മുതിർന്നതെന്നാണ് വിവരം

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Related Articles

Latest Articles