Monday, June 17, 2024
spot_img

കാനില്‍ മത്സരിച്ച മലയാളചിത്രം മറന്ന് വാനിറ്റി ബാഗു പുരാണം; ഇടതു ലിബറലുകളുടെ ഇസ്‌ളാമിക് അജന്‍ഡ

ഫ്രാന്‍സിലെ കാന്‍ ഫിലിം ഫിലിം ഫെസ്റ്റിവലില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മലയാള ചിത്രം മത്സര വിഭാഗത്തില്‍ പങ്കെടുത്തു. പായല്‍ കപാഡിയ സംവിധാനം നിര്‍വഹിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രം. എന്നാല്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ച വിവരങ്ങള്‍ക്കുപരിയായി സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായത് ഒരു വാനിറ്റി ബാഗ് ആണ്. ഏതൊരു കാലഘട്ടത്തിലും മലയാള സിനിമക്ക് അഭിമാനിക്കാന്‍ സാധിക്കുന്ന ഈ നേട്ടത്തെ തിരസ്‌കരിച്ച് നടിയുടെ ബാഗ് ചര്‍ച്ചയാക്കുന്നത് എന്തിനാണ്. മലയാളി നടി കനി കുസൃതിയുടെ രാഷ്ട്രീയം സിനിയുടെ നേട്ടത്തിനും അപ്പുറത്ത് എന്ന നരേഷന്‍ പ്രത്യേക ലകഷ്യം വച്ചുള്ളതാണെന്നു പറയാതെ വയ്യ. തണ്ണിമത്തന്‍ ഇസ്്‌ളാമിസ്റ്റുകളുടെ പ്രതീകമായി ഇടതു പ്രൊഫൈലുകള്‍ വാഴ്ത്തുമ്പോള്‍ തീവ്രവാദത്തിനും ഹമാസനുകൂലികള്‍ക്കും അനുവദിക്കുന്നത് വളരെ വലിയ ഇടമാണ്. ഇടതു ലിബറലുകളുടെ സോഷ്യല്‍ മീഡിയ എന്തു ചര്‍ച്ച ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഇസ്ലാമിക് പ്രൊപ്പഗാണ്ടയാകുന്നു. ആര്‍ക്കാണ് ഇവിടെ മുഖം നഷ്ടമാകുന്നത്.

മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം തിരുവനന്തപുരം സ്വദേശിയായ യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കനി കുസൃതിയെ ശ്രദ്ധേയയാക്കിയത് ബിരിയാണി എന്ന ചിത്രമായിരുന്നു. കാനില്‍ ഒരൊറ്റ വാട്ടര്‍ മെലന്‍ ബാഗ് കൊണ്ട് കനി കുസൃതി ആഘോഷിക്കപ്പെടുന്നു. ആ ബാഗ് മാത്രം ഹൈലൈറ്റ് ചെയ്യപ്പെടുന്നു. എന്നാല്‍ കനി കാന്‍ ഫെസ്റ്റിവലില്‍ എങ്ങനെ എത്തി എന്നത് ആരും ചര്‍ച്ച ചെയ്യുന്നതേയില്ല. അതിന് കാരണമായ ചിത്രം, അതിന്റെ സംവിധായിക ഇതൊന്നും ആരും സംസാരിക്കുന്നതേയില്ല. മലയാളി പ്രബുദ്ധര്‍ ആകെ കണ്ടത് ആ തണ്ണിമത്തന്‍ ബാഗ് മാത്രം.

അഞ്ജു പാര്‍വ്വതി പ്രബീഷ് എഴുതിയ ഫേസ് ബുക്ക് കുറിപ്പിലെ ചില വരികളാണ് ഇപ്പോള്‍ വായിച്ചത്. തീര്‍ച്ചയായും ചിത്രത്തിനേക്കാള്‍ വത്തക്ക ബാഗ് ശ്രദ്ധേയമാകുന്നത്, കാടു കാണാതിരിക്കുകയും മരം കാണുകയും ചെയ്യുന്ന മാനസികാവസ്ഥ മൂലമാണ്. കുറിപ്പ് ഇങ്ങനെ തുടരുന്നു.

ഗ്രാന്‍ഡ് ലൂമിയര്‍ തിയറ്ററിലായിരുന്നു ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ പ്രിമിയര്‍ സംഘടിപ്പിച്ചത്. സിനിമ പൂര്‍ത്തിയായ ശേഷം കാണികള്‍ എട്ട് മിനിറ്റോളമാണ് എഴുന്നേറ്റു നിന്ന് കയ്യടിച്ചത് . നിറകണ്ണുകളോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ അംഗീകാരത്തെ നെഞ്ചേറ്റിയത്. അതൊന്നും ഇവിടെ ഹൈലൈറ്റ് ചെയ്യപ്പെട്ടില്ല. എന്നാല്‍ കൃത്യമായി ആ തണ്ണീര്‍ മത്തന്‍ ബാഗ് ചര്‍ച്ചയായി.

കനി കുസൃതി എന്ന നടി ഇസ്ലാമിക -ഇടത് ഇടങ്ങളില്‍ ഇതിന് മുമ്പ് ആഘോഷിക്കപ്പെട്ടിട്ടുണ്ടോ? ഇല്ല അവരുടെ അഭിനയത്തിന് സ്റ്റേറ്റ് അവാര്‍ഡ് നേടിയപ്പോള്‍ അവര്‍ ഇതേ പോലെ വാഴ്ത്തപ്പെട്ടോ? ഇല്ല കാരണം അവര്‍ അഭിനയിച്ച സിനിമ ബിരിയാണി ആയതിനാല്‍. എന്താണ് ബിരിയാണി സിനിമ? ആ സിനിമയുടെ വേവിലും പൊന്തുന്ന ആവിയിലും ഉയരുന്ന ഗന്ധത്തിലുമൊക്കെ ഉള്ളത് മതത്തിന്റെ ചുമരിനുള്ളില്‍ വെന്തുനീറുന്ന സ്ത്രീ ജീവിതമായിരുന്നു. നമുക്ക് ചുറ്റിലുമുള്ള യാഥാര്‍ത്ഥ്യങ്ങളെ കലയുടെ അടുപ്പിലിട്ട് പാകപ്പെടുത്തിയതാണ് സജിന്‍ബാബുവിന്റെ ബിരിയാണി. സംസ്ഥാന അവാര്‍ഡും നിരവധി പുരസ്‌കാരങ്ങളും നേടിയ ചിത്രം. ഒരു സംവിധായകന്റെ ഏറ്റവും ധീരമായ ചുവടുവയ്പ്പ് . എന്നിട്ടും സജിന്‍ ബാബുവിനെ കുറിച്ചും ബിരിയാണിയെ കുറിച്ചും എത്ര ബുദ്ധിജീവികള്‍ എഴുതി ? ആരുമില്ല. ജിയോ ബേബിയുടെ അടുക്കള സിങ്കില്‍ ആര്‍ത്തിരമ്പിയ എഴുത്തീച്ചകള്‍ ഒന്നും ബിരിയാണിച്ചെമ്പില്‍ എത്തി നോക്കിയില്ല ? കാരണം ഈ സിനിമയിലെ നായികയുടെ പേര് ഖദീജയെന്നാണ്. അവളുടെ ഭര്‍ത്താവ് അടിയുറച്ച ഇസ്ലാം മത വിശ്വാസിയാണ്. സിനിമയിലെ ഖദീജയുടെ സഹോദരന്‍ ഐസിസില്‍ ആകൃഷ്ടനായി സിറിയയില്‍ പോയി മരണപ്പെട്ട സൈനുവാണ്. കഥ നടക്കുന്നത് ഒരു നോമ്പുകാലത്താണ് . നായിക അടിവയറില്‍ ചവിട്ടി പോലീസുകാര്‍ അലസിപ്പിച്ച തന്റെ ഗര്‍ഭസ്ഥ ശിശുവിനെ ബിരിയാണിച്ചെമ്പിലിട്ട് വേവിച്ച് ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നുണ്ട്. ബിരിയാണി കാണിച്ചു തരുന്ന കാഴ്ചകള്‍ അസുഖകരമാണ്; അങ്ങേയറ്റം പ്രകോപനപരമാണ്. ഒപ്പം ആഴത്തില്‍ മുറിപ്പെടുത്തുന്നതുമാണ്. ഒരു ഘട്ടത്തില്‍ അത് വന്യവും ക്രൂരവുമായി മാറുന്നുമുണ്ട്. ബിരിയാണിയുടെ ചേരുവകളില്‍ എല്ലാമുണ്ട്. സ്ത്രീ ഉണ്ട്, സ്ത്രീവിരുദ്ധതകളുണ്ട്, മതമുണ്ട്, അധികാരമുണ്ട്, സമൂഹമുണ്ട്, ചുരുക്കത്തില്‍ നമ്മുടെ വര്‍ത്തമാനത്തിന്റെ തിളയ്ക്കുന്ന പ്രശ്നങ്ങളെല്ലാം ബിരിയാണിയില്‍ ഉണ്ടായിരുന്നു.

സമൂഹത്തിലെ വിലക്കുകളെ-മതപരമായതും പുരുഷാധിപത്യ സ്വഭാവമുള്ളതുമായ എല്ലാത്തിനെയും തകര്‍ത്ത് മുന്നേറാനുള്ള സ്ത്രീ സ്വത്വത്തിന്റെ തീവ്രമായ ആഗ്രഹം ഖദീജയില്‍ കണ്ടിട്ടും അതിനെ നൂറുക്ക് നൂറ് അനുഭവവേദ്യമായി കനി എന്ന നടി പകര്‍ന്നാടിയിട്ടും കിട്ടാതെ പോയ അഭിനന്ദനം ഒക്കെയും ആ തണ്ണീര്‍ മത്തന്‍ ബാഗ് പിടിച്ച കനിക്ക് കിട്ടുന്നുണ്ട് ഇപ്പോള്‍. നല്ല കാര്യം

കാന്‍ ഫെസ്റ്റിവലില്‍ തണ്ണീര്‍ മത്തന്‍ ബാഗ് പിടിച്ച കനിയില്‍ കാണുന്ന നിലപാട് അതേ അളവില്‍ തന്നെ ബിരിയാണി പോലൊരു സിനിമയില്‍ ഖദീജ ആയിട്ട് അഭിനയിക്കാന്‍ ആ നടി കാണിച്ചിട്ടുണ്ട്. കയ്യടിക്കുമ്പോള്‍ രണ്ടിനും കൂടി ചേര്‍ത്ത് അടിക്കണമല്ലോ. എന്റെ കയ്യടി കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഒരു മത്സരചിത്രത്തിന്റെ ഭാഗമായി റെഡ് കാര്‍പ്പറ്റില്‍ തല ഉയര്‍ത്തി നില്‍ക്കുവാന്‍ നമ്മുടെ മലയാളി പെണ്‍കുട്ടികള്‍ക്ക് കഴിഞ്ഞല്ലോ എന്നതിലാണ്.

ഇതാണ് കുറിപ്പില്‍ പറയുന്നത് . പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും.
പക്ഷെ പരത്തുന്നത് ദേശവിരുദ്ധതയും അതുവഴി ഇതരമത വിരുദ്ധതയുമാകുന്നു. അത് ആഘോഷിക്കാനും ചില അന്തങ്ങളുള്ളതാണ് ഇവരുടെ കരുത്ത്.

Related Articles

Latest Articles