Tuesday, June 18, 2024
spot_img

വ്യാജപ്രചാരണം നിർത്തണം’: ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് കുടുംബം

കൊച്ചി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വിദഗ്ധ ചികിത്സ നിഷേധിച്ചതായുള്ള പ്രചാരണത്തിനെതിരെ പ്രതികരണവുമായി കുടുംബം രംഗത്ത്. ഉമ്മൻചാണ്ടി ചികിൽസയ്ക്കായി ജർമനിയിലേക്ക് പോകാനിരിക്കെയാണ് തെറ്റായ പ്രചരണത്തിനെതിരെ മകൻ ചാണ്ടി ഉമ്മൻ അടക്കം രംഗത്തെത്തിയത്. നാളെ 79–ാം പിറന്നാൾ ആഘോഷിക്കുന്ന ഉമ്മൻചാണ്ടി ആലുവ പാലസിൽ വിശ്രമത്തിലാണ്.

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്‌. ജർമനിയിൽ വിദഗ്ധ ചികിത്സയ്ക്കായി ഈയാഴ്ച തന്നെ ഉമ്മൻചാണ്ടി കുടുംബത്തിനൊപ്പം പോകും. ഇതിനിടെയാണ് വിശ്രമത്തിന് ആലുവ പാലസിൽ എത്തിയത്. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന പ്രചാരണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് കുടുബത്തിന്റെ ആരോപണം.

‘‘എന്തിന്റെ പേരിലാണ് ചിലർ ഇത്തരം പ്രചാരണം നടത്തുന്നതെന്ന് അറിയില്ല. ഇവർക്ക് കാര്യങ്ങൾ മുഴുവൻ അറിയാമെങ്കിൽ ഇതു പറയില്ല. ഈ ഒരാഴ്ചയ്ക്കുള്ളിൽ ഞങ്ങൾ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുകയാണ്. അതിനെ ചികിത്സാ നിഷേധമായിട്ട് എങ്ങനെയാണ് മാറ്റുന്നത്.’’ – ഉമ്മൻ ചാണ്ടിയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും കുടുംബം അഭ്യർഥിച്ചു. ഇത്തരം പ്രചാരണങ്ങൾ മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി കുടുംബം പറഞ്ഞു. ആലുവ പാലസിൽ രമേശ് ചെന്നിത്തലയും ഡൊമനിക് പ്രസന്റേഷനും അടക്കമുള്ള നേതാക്കൾ ഉമ്മൻചാണ്ടിയെ സന്ദർശിച്ചു.

Related Articles

Latest Articles