Monday, May 20, 2024
spot_img

കൂട്ടബലാത്സംഗക്കേസിൽ സമാജ്‌വാദി പാർട്ടി മുൻ മന്ത്രി ഗായത്രി പ്രജാപതിക്കും കൂട്ടാളികൾക്കും ജീവപര്യന്തം

ദില്ലി: ചിത്രക്കൂട് ബലാത്സംഗക്കേസിൽ മുൻ ഉത്തർപ്രദേശ് മന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ ഗായത്രി പ്രസാദ് പ്രജാപതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കൂട്ടാളികളായ അശോക് തിവാരി, ആശിഷ് ശുക്ല എന്നിവർക്കും കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇതിനു പുറമെ രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. പ്രത്യേക കോടതി ജഡ്ജി പി കെ റായ് ആണ് ശിക്ഷ വിധിച്ചത്.

അതേസമയം കേസിൽ വികാസ് വർമ്മ, രൂപേശ്വർ, അമരേന്ദ്ര സിംഗ്, ചന്ദ്രപാൽ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടു. ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിക്കാൻ തുനിഞ്ഞതോടെയാണ് യുവതി പരാതിയുമായി രം​ഗത്തെത്തിയത്. യുവതിയുടെ പരാതിയിൽ കേസെടുക്കാൻ യുപി പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപ്പിച്ചാണ് യുവതി കേസെടുപ്പിച്ചത്.

അഖിലേഷ് സർക്കാരിൽ പ്രധാനികളിലൊരാളായിരുന്ന ഗായത്രി പ്രജാപതി ഗതാഗതവകുപ്പും, ഖനന വകുപ്പുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. 2014 മുതൽ മന്ത്രിയും കൂട്ടാളികളും തന്നെ പീഡനത്തിനിരയാക്കുന്നുണ്ടെന്നായിരുന്നു യുവതിയുടെ പരാതി. മകളെയും പീഡിപ്പിക്കാൻ തുനിഞ്ഞതോടെയാണ് പരാതി നൽകാൻ ഇവർ മുന്നോട്ട് വന്നത്. തുടർന്ന് 2017 മാർച്ചിലാണ് പ്രജാപതി അറസ്റ്റിലാവുന്നത്.

Related Articles

Latest Articles