Tuesday, December 23, 2025

പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവെന്ന ആരോപണം നിഷേധിച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി

ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് വെളിപ്പെടുത്തിയ പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവെന്ന ആരോപണം നിഷേധിച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. വിദേശ അതിഥികള്‍ക്കുള്ള എല്ലാ ക്ഷണങ്ങളും ഉപദേശപ്രകാരം വിദേശകാര്യ മന്ത്രാലയം വഴിയാണ് അയക്കുന്നതെന്ന് ഹമീദ് അന്‍സാരി പറഞ്ഞു. യുപിഎയുടെ കാലത്ത് അഞ്ച് തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെന്നും തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐക്ക് കൈമാറിയെന്നും പാക് മാധ്യമപ്രവര്‍ത്തകന്‍ നുസ്രത്ത് മിര്‍സ അവകാശപ്പെട്ടതിനെ തുടര്‍ന്ന് ഹമീദ് അന്‍സാരിയോടും കോണ്‍ഗ്രസിനോടും വ്യക്തത വരുത്താന്‍ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ബി ജെ പി വക്താവ് തനിക്കെതിരെ മാധ്യമങ്ങളില്‍ ഉന്നയിക്കുന്നത് അസത്യങ്ങളുടെ നിരയാണെന്ന് അന്‍സാരി പറഞ്ഞു. ഉപരാഷ്ട്രപതിയെ പ്രതിനിധീകരിച്ച് വിദേശ അതിഥികള്‍ക്കുള്ള ക്ഷണങ്ങള്‍ സര്‍ക്കാരിന്റെ ഉപദേശപ്രകാരം വിദേശകാര്യ മന്ത്രാലയം വഴിയാണ് നല്‍കുന്നത്. ഞാന്‍ ആരേയും ക്ഷണിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അന്‍സാരി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാനിലെ ഇന്ത്യന്‍ അംബാസഡര്‍ എന്ന നിലയില്‍ ദേശീയ താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തു എന്ന ബി ജെ പിയുടെ ആരോപണങ്ങളും മുന്‍ ഉപരാഷ്ട്രപതി തള്ളിക്കളഞ്ഞു

Related Articles

Latest Articles