അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അബ്ദുൽലത്തീഫിനും റുക്‌സാനയ്ക്കും മറ്റ് രണ്ടുമക്കൾക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ അബുദാബി-ദുബായ് റോഡിൽ ഷഹാമക്ക് അടുത്താണ് അപകടം നടന്നത്. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

