കൊച്ചി; ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി.
അപ്പീലില്‍ ബിഷപ്പിന് ഹൈക്കോടതി നോട്ടിസ് അയച്ചു. ഫ്രാങ്കോയെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കണമെന്നാണ് ഇര ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടെന്നും ഇരയായ കന്യാസ്ത്രീ ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയില്‍ വ്യക്തമാക്കുന്നുണ്ട്.
ബലാത്സംഗ കേസില്‍ വിചാരണ കോടതി ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെയാണ് കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കണമെന് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കോട്ടയം സെഷന്‍സ് കോടതിയാണ് ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത്.

