അത്ഭുത സിദ്ധിയുള്ള വസ്തുക്കള്‍ക്ക് ഏത് കാലത്തും ഡിമാന്റാണ്. എത്ര വലിയ തുക നല്‍കി അത്തരം വസ്തുക്കള്‍ സ്വന്തമാക്കാനും ആളുകള്‍ക്ക് താല്‍പ്പര്യമുണ്ട്. വെള്ളിമൂങ്ങയും നീലക്കൊടുംവേലിയുമൊക്കെ അത്തരത്തിലുള്ള ഒന്നായാണ് ആളുകള്‍ കരുതിപോരുന്നത്. ഇതൊക്കെ ഭാഗ്യം നല്‍കുകയോ ചുളുവില്‍ പണക്കാരനാകാനോ കാര്യസിദ്ധിക്കോ ഉപകരിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ പുതിയൊരു സംഭവം കൂടി ഈ പട്ടികയില്‍ എത്തിയിട്ടുണ്ട്. കുതിരപ്പട്ടയം എന്നാണ് പേര്. കുതിരപ്പട്ടയം ഒരു അത്ഭുത വസ്തുവെന്നാണ് പ്രചാരണം നേടുന്നത്.
കുതിരപ്പട്ടയം കൈയിലുണ്ടെങ്കില്‍ തോക്കില്‍ നിന്നുള്ള വെടിപോലും ഏല്‍ക്കില്ലെന്നും കത്തിക്കൊണ്ട് കുത്തിയാല്‍ വരെ മുറിയില്ലെന്നുമാണ് ഒരു സംഘം പ്രചരിപ്പിച്ചത്. ഇത് തെളിയിക്കാനുള്ള വീഡിയോ സഹിതമാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ഈ വീഡിയോ കണ്ട് ചിലരൊക്കെ ലക്ഷങ്ങള്‍ അഡ്വാന്‍സ് നല്‍കി കുതിരപ്പട്ടയം സ്വന്തമാക്കാന്‍ നോക്കിയതായാണ് തൃശൂരില്‍ നിന്നുള്ള വാര്‍ത്ത.
പ്രാചീന കൊട്ടാരത്തിലെ കുതിരപ്പട്ടയം
തമിഴ്‌നാട്ടിലെ അതിപുരാതന കൊട്ടാരത്തില്‍ നിന്നാണ് ഈ കുതിരപ്പട്ടയം ലഭിച്ചതെന്നാണ് തട്ടിപ്പുസംഘം പറയുന്നത്. ചക്രത്തിന് സമാനമായ ഒരു ലോഹത്തകിടാണ് സംഘം കുതിരപ്പട്ടയം എന്ന പേരില്‍ കാണിച്ചുനല്‍കുന്നത്. ഇത് കൈവശമുണ്ടെങ്കില്‍ മറ്റൊരു ലോഹത്തിനും ശരീരത്തിന് മുറിവേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.
നൂറ് കോടി രൂപയാണ് ഈ തട്ടിപ്പുസംഘം നിശ്ചയിച്ച വില. അഡ്വാന്‍സ് നല്‍കുന്നവര്‍ക്ക് ലോഹം നേരിട്ട് കാണാന്‍ സാധിക്കും. വര്‍ക്കല സ്വദേശികള്‍ അടക്കം പലരും ഈ ലോഹം വാങ്ങാന്‍ തട്ടിപ്പുസംഘത്തിന് ലക്ഷങ്ങള്‍ അഡ്വാന്‍സ് നല്‍കിയതായാണ് പോലിസിന് ലഭിച്ച വിവരം.
ഇരുപത്തിയഞ്ച് ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയവര്‍ കുന്നംകുളത്ത് നേരിട്ടെത്തിയപ്പോള്‍ ഇവരെ സിനിമാസ്‌റ്റൈലില്‍ ബന്ദികളാക്കി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തുവത്രെ.ഗുരുവായൂരില്‍ വീട് വാടകക്ക് എടുത്ത് താമസിച്ച് കുതിരപ്പട്ടയം വില്‍ക്കാന്‍ നടക്കുന്ന സംഘത്തെ പോലിസും അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്.

