തിരുവനന്തപുരം : ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റി. ഗതാഗതവകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുള്ള തര്‍ക്കങ്ങൾക്കൊടുവിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സ്ഥാന ചലനം. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇരുവരും തമ്മില്‍ തുടങ്ങിയ തര്‍ക്കം ഒന്നിലേറെ തവണ വാക്പോരിലേയ്ക്ക് നീങ്ങിയിരുന്നു.
ആന്റണി രാജു മന്ത്രിയായിരുന്നപ്പോള്‍, സര്‍ക്കാര്‍ തീരുമാനിച്ച പദ്ധതികളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ മുന്നോട്ടുപോയതാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായുള്ള അഭിപ്രായഭിന്നയുടെ തുടക്കം. പിന്നാലെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായി നടന്ന ചര്‍ച്ചയ്ക്കിടയില്‍ മന്ത്രി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറെ ശകാരിച്ചത് പ്രശ്നം രൂക്ഷമാക്കി. തന്റെ പക്ഷം വിശദീകരിക്കാന്‍ പിന്നീട് മന്ത്രിയുടെ ചേമ്പറിലെത്തിയ കമ്മിഷണറും മന്ത്രിയും തമ്മില്‍ വാക്കേറ്റമായി. പിന്നീട് അവധിയില്‍ പോയ കമ്മിഷണര്‍ തിരിച്ചെത്തിയ ശേഷം മന്ത്രിയുമായി അകലം പാലിച്ചു.
അതിസുരക്ഷാ നമ്പര്‍പ്ലേറ്റിന്റെ കാര്യത്തിലും ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി. എടപ്പാളിലെ ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടില്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം കമ്മിഷണര്‍ ടെണ്ടര്‍ വിളിച്ചു. നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കിയ മന്ത്രി ആഗോള ടെണ്ടര്‍ വിളിക്കാന്‍ തീരുമാനിച്ചു. 200 കോടിയില്‍ താഴെയുള്ള പദ്ധതിക്ക് ആഗോള ടെണ്ടര്‍ പ്രായോഗികമല്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും മറുപടി നല്‍കി.
ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടിന്റെ ഭരണസമിതി യോഗത്തിലും മന്ത്രിയും കമ്മിഷണറും തമ്മില്‍ തര്‍ക്കിച്ചു. തുടങ്ങിവച്ച ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കവേയാണ് കമ്മിഷണറെ മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. റീ ടെണ്ടര്‍ എട്ടിന് തുറന്നിരുന്നു. മന്ത്രിയുടെ എതിർപ്പ് മറികടന്ന് കമ്മിഷണര്‍ നേരിട്ടാണ് ടെണ്ടറുകള്‍ പരിശോധിച്ചത്. എന്നാൽ മന്ത്രിയെ ഭയന്ന് ഉദ്യോഗസ്ഥര്‍ ടെണ്ടര്‍ നടപടികളില്‍നിന്ന് വിട്ടുനിന്നു

