Wednesday, May 15, 2024
spot_img

‘നമ്മുടെ മക്കൾ പശ്ചിമഘട്ടമൊക്കെ ചിത്രങ്ങളിലെ കാണൂ’; മലപ്പുറത്തെ മണൽക്കടത്ത് കേസ് പരിഗണിക്കവെ ‌ആശങ്ക പങ്കുവച്ച് ഹൈക്കോടതി

കൊച്ചി: നമ്മുടെ മക്കൾ പശ്ചിമഘട്ടമൊക്കെ ചിത്രങ്ങളിലെ കാണൂ എന്ന ആശങ്ക പങ്കുവെച്ച് ഹൈക്കോടതി.

മലപ്പുറം ജില്ലയിൽനിന്നുള്ള മണൽക്കടത്ത് കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ പരാമർശം.

കേസിലെ പ്രതികൾക്കായി അഭിഭാഷകൻ ഹാജരായതിനു പിന്നാലെ മലപ്പുറത്ത് ഇത്രയൊക്കെ മണലുണ്ടോ എന്നായിരുന്നു ആദ്യ ചോദ്യം.

‘നേരത്തേ ഇതിൽ കൂടുതൽ കേസുണ്ടായിരുന്നു. ഇപ്പോൾ കുറഞ്ഞതാണെന്ന്’ അഭിഭാഷകൻ ടി.കെ. അജിത് കുമാറിന്റെ മറുപടി. ‘ഭാവിയിൽ പശ്ചിമഘട്ടം ഒന്നും അവിടെയുണ്ടാകില്ല. നമ്മുടെ മക്കൾ ആനകളെ മൃഗശാലയിലായിരിക്കും കാണുക’ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസവും മണൽക്കടത്തുമായി ബന്ധപ്പെട്ട കേസ് ജഡ്ജിക്കു മുൻപിൽ എത്തിയിരുന്നു. തുടർന്നു വീണ്ടും സമാന കേസ് പരിഗണനയ്ക്കു വന്നതോടെയാണ് ജാമ്യം നൽകുന്നതാണോ സമാന കുറ്റം ആവർത്തിക്കുന്നതെന്ന ആശങ്ക കോടതി പങ്കുവച്ചത്.

മാത്രമല്ല ഹൈക്കോടതിയുടെ ‘മലപ്പുറത്ത് ഇത്രയൊക്കെ മണലുണ്ടോ’ എന്ന ചോദ്യത്തിനു പിന്നിലും ഇതു തന്നെയാണ് കാരണമായത്.

എന്നാൽ നിയമ ഇടപെടൽ ശക്തമായതോടെ ചാലിയാറിൽ നിന്നുള്ള മണൽ വാരലിനു കാര്യമായ കുറവു വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ സമാനമായ കേസുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്നാണ് അഭിഭാഷകൻ വ്യക്തമാക്കിയത്. കേസിൽ പ്രതികൾക്കു ജാമ്യം ഹൈക്കോടതി അനുവദിച്ചു.

Related Articles

Latest Articles