Monday, May 20, 2024
spot_img

ഗാന്ധിനഗർ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്

ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ വിജയം. 44 സീറ്റുകളില്‍ 41 സീറ്റുകളും സ്വന്തമാക്കിയാണ് ബിജെപി വിജയം ഉറപ്പിച്ചത്. കോൺഗ്രസിന് രണ്ട് സീറ്റും ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റും മാത്രമേ നേടാൻ കഴിഞ്ഞുള്ളു. സംസ്ഥാനത്തെ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും മാറ്റിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ബിജെപി വൻ വിജയം നേടിയത്.

ഈ വര്‍ഷം ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതിന് ശേഷമുണ്ടായ വന്‍ വിജയം ബി.ജെ.പിക്ക് വലിയ നേട്ടമായാണ് സമ്മാനിക്കുന്നത്.

മുൻസിപ്പൽ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, ജില്ല താലൂക്ക് പഞ്ചായത്തുകളിലായി ഉപതെരഞ്ഞെടുപ്പും നടന്നിരുന്നു. ഇതിൽ ആറ് മുൻസിപ്പൽ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും ഭൂരിപക്ഷം താലൂക്കുകളിലും ബിജെപി തന്നെയാണ് ഭരണം പിടിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ ഗുജറാത്തിലെ ജനങ്ങൾക്ക് പൂർണ്ണ വിശ്വാസം ഉണ്ടെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ സി ആർ പാട്ടീൽ പ്രതികരിച്ചു. പതിനൊന്ന് വാര്‍ഡുകളിലായി 44 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 162 പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

Related Articles

Latest Articles