ഇന്ത്യയുടെ 26 -ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ജ്ഞാനേഷ് കുമാർ ചുമതലയേറ്റു. 9 മണിയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തിയാണ് ജ്ഞാനേഷ് കുമാർ അധികാരമേറ്റത്. സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിൻ്റെ പകരക്കാരനായാണ് ജ്ഞാനേഷ് കുമാർ ചുമതലയേറ്റത്.
കഴിഞ്ഞ വർഷം മാർച്ചിൽ, പുതിയ നിയമപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ സെലക്ഷൻ പാനൽ ജ്ഞാനേഷ് കുമാറിനെയും സുഖ്ബീർ സന്ധുവിനെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കാൻ ശുപാർശ ചെയ്തിരുന്നു.
2023ലെ പുതിയ നിയമമനുസരിച്ച് നിയമിതനാകുന്ന ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് ജ്ഞാനേഷ് കുമാർ. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കാനുള്ള സമിതിയിൽനിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നിയമം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. പുതിയ നിയമപ്രകാരം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്ര മന്ത്രിയും ചേർന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും തെരഞ്ഞെടുക്കേണ്ടത്.
ആഗ്ര സ്വദേശിയാണ് ജ്ഞാനേഷ് കുമാർ. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് . കേരളത്തിൽ ധനകാര്യം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിൽ പ്രവർത്തിച്ചു. 2012 മുതൽ ദില്ലിയിലെ കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണർ ആയിരുന്നു. കേന്ദ്ര സർവീസിൽ പാർലമെന്ററികാര്യ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികൾ ജ്ഞാനേഷ് കുമാർ വഹിച്ചു.
ജ്ഞാനേഷ് കുമാർ 11 മാസമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നപ്പോഴും കേന്ദ്ര ഭരണ പ്രദേശമായ ശേഷം ജമ്മു കശ്മീരിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോഴുമെല്ലാം ജ്ഞാനേഷ് കുമാർ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. 2029 ജനുവരി 26 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തുടരുകയും ചെയ്യും

