ദില്ലി: പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ എം എ സലാം അടക്കം പിഎഫ്ഐയുടെ പന്ത്രണ്ട് ദേശീയ നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. രാജ്യത്ത് ഇസ്ലാമിക ഭരണത്തിനായി സായുധ കലാപത്തിന് സംഘങ്ങളെ രൂപീകരിച്ചു എന്നതടക്കം ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്.പിഎഫ്ഐ കേസിൽ എൻഐഎ സമർപ്പിക്കുന്ന അഞ്ചാമത്തെ കുറ്റപത്രമാണിത്.
19 പേരെയാണ് ഈ കുറ്റപത്രത്തിൽ പ്രതികളാക്കി ചേർത്തിരിക്കുന്നത്. ഇതിൽ പന്ത്രണ്ട് പേർ സംഘടനയുടെ ദേശീയ നിർവാഹക സമിതി അംഗങ്ങളാണ്. മലയാളികളായ അബ്ദുൾ റഹിമാൻ, വി പി നസറുദ്ദീൻ, ഇ അബൂബക്കർ, പ്രൊഫ. പി കോയ, അനീസ് അഹമ്മദ് അടക്കം പ്രതിപ്പട്ടികയിലുണ്ട്. ആക്രമണത്തിനായി ആയുധധാരികളുടെ സംഘം രൂപീകരിച്ചെന്നും, ഇതിനായി രാജ്യത്ത് ഉടനീളം ആയുധപരിശീലനത്തിന് പാഠ്യ പദ്ധതി ഉണ്ടാക്കിയെന്നും എൻഐഎ കുറ്റപ്പത്രത്തിൽ പറയുന്നു.
കലാപം, തീവെപ്പ് , ആക്രമണങ്ങൾക്ക് അടക്കം പരിശീലനം നടത്തുന്നതിനായി തയ്യാറാക്കിയ ലഘുലേഖ മുഖ്യപരിശീലകനായ പിഎഫ്ഐ പ്രവർത്തകനിൽ നിന്ന് കണ്ടെത്തിയെന്നും എൻഐഎ പറയുന്നു. കൂടാതെ ആയുധ പരിശീലനത്തിന് പ്രതികളായ നേതാക്കൾ വഴി പണം എത്തിച്ചു, ഇങ്ങനെ പണം എത്തിച്ച കേരളത്തിൽ നിന്നടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 77 ബാങ്ക് ആക്കൗണ്ടുകളും മരവിപ്പിച്ചെന്ന് എൻഐഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പിഎഫ്ഐ കേസുകളിൽ ഇതുവരെ 105 പേർക്കെതിരെയാണ് കുറ്റപ്പത്രം സമർപ്പിച്ചത്.

