Sunday, May 19, 2024
spot_img

മേഖലയിൽ നിന്ന് സൈന്യം പിന്മാറില്ല; രാജ്യത്തിൻ്റെ കണ്ണുകൾ അതിർത്തിയിലേക്ക്

ദില്ലി: ഇന്ത്യ – ചൈന അതിര്‍ത്തിയായ ഗാല്‍വന്‍ താഴ്‌വരയില്‍ ബുധനാഴ്ച വൈകിട്ട് നടന്ന മേജര്‍തലചര്‍ച്ചകളും ധാരണയാകാതെ പിരിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ നിന്ന് സേനാപിന്‍മാറ്റം നടക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നിലവില്‍ ഉള്ള ഇടങ്ങളില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങള്‍ പിന്‍മാറിയിട്ടില്ല. അതിര്‍ത്തിജില്ലകളില്‍ അതീവജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വരുന്ന ദിവസങ്ങളിലും പരമാവധി ചര്‍ച്ചകള്‍ നടക്കുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

തിങ്കളാഴ്ച രാത്രി ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് നഷ്ടമായത് 20 വീരജവാന്‍മാരെയാണ്. 1967-ല്‍ നാഥുലാ ചുരത്തില്‍ ഉണ്ടായ ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 80 സൈനികര്‍ വീരമൃത്യു വരിച്ചതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണിത്. അന്ന് 300 ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടത്.

വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ ഇന്നലെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ചര്‍ച്ച നടത്തിയിരുന്നു. മേഖലയിലുണ്ടായ ഈ അപ്രതീക്ഷിതസംഭവം രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് എസ്. ജയ്ശങ്കര്‍ മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. ഇത് ആസൂത്രിതമായ അക്രമമായിരുന്നെന്നും, ഇതിന് ഉത്തരവാദികള്‍ ചൈനീസ് സൈന്യം മാത്രമാണെന്നും എസ്. ജയ്ശങ്കര്‍ ചര്‍ച്ചയില്‍ ഉറച്ച നിലപാടെടുത്തു.

അതേസമയം, ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ ഇരുഭാഗവും നിലവിലുള്ള സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായി എന്നും ചൈന വ്യക്തമാക്കുന്നുണ്ട്. നിലവില്‍ സ്ഥിതി മെച്ചപ്പെട്ടെങ്കിലും അക്രമത്തിന് ഇടയാക്കിയത് ചൈനീസ് പ്രകോപനമാണെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്. ഇത് തന്നെയാണ് വിദേശകാര്യമന്ത്രി വ്യക്തമായി ചൈനയുമായുള്ള ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയതും.

തിങ്കളാഴ്ചയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ 18 പേരാണ് ലേയിലെ സൈനികാശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ നാല് പേരുടെ നില അതീവഗുരുതരമെങ്കിലും ചികിത്സയോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുവെന്നും കരസേന വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം 58 പേരടങ്ങിയ മറ്റൊരു സംഘത്തിനും ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഇവരും ചികിത്സ തേടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം ഇവരും തിരികെ ഡ്യൂട്ടിയില്‍ പ്രവേശിക്കും

Related Articles

Latest Articles